Kerala

10 വയസുള്ള മകന്‍റെ ദേഹത്ത് എംഡിഎംഎ പാക്കറ്റ് ഒട്ടിച്ചുവച്ച് കച്ചവടം; ഇരകൾ സ്‌കൂൾ, കോളജ് വിദ്യാർഥികൾ: ലഹരി മാഫിയ തലവൻ പിടിയിൽ

പത്തനംതിട്ട: ലഹരി കച്ചവടത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പത്തനംതിട്ടയിൽ നിന്നും പുറത്തു വരുന്നത്. 10 വയസുള്ള സ്വന്തം മകന്‍റെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റുകൾ ഒട്ടിച്ചു വച്ചു കച്ചവടം നടത്തിവന്ന പിതാവിന്‍റെ വെളിപ്പെടുത്തലിൽ കേരളം ഞെട്ടുകയാണ്. തിരുവല്ല സ്വദേശി മുഹമ്മദ്‌ ഷെമീറിനെയാണ് (39) തിരുവല്ല പൊലീസ് എംഡിഎംഎയുമായി പിടികൂടിയത്.

ഇയാളിൽ നിന്നും 3.78 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇയാൾ ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് പറഞ്ഞു. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നത്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്‌തുക്കള്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ വിൽപ്പന നടത്തി വന്നത്.

എംഡിഎംഎ വിൽപ്പനയ്ക്ക് ആവശ്യമായ അളവിൽ പ്ലാസ്റ്റിക് പാക്കറ്റുകളിൽ നിറയ്ക്കും. ഇതിന് ശേഷം പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ ഈ പാക്കറ്റുകൾ സെല്ലോ ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ചു വയ്ക്കും. ബൈക്കിലോ കാറിലൊ ഇയാൾ മകനെയും കൂട്ടി വിൽപ്പന കേന്ദ്രങ്ങളിലേക്ക് പോകും. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന നടത്തുന്നതിന് ഇയാൾക്ക് പ്രത്യേക കേന്ദ്രങ്ങൾ ഉണ്ട്.

അവിടെ എത്തി മകന്‍റെ ദേഹത്ത് ഒട്ടിച്ചു വച്ചിരിക്കുന്ന എംഡിഎംഎ പാക്കറ്റുകൾ എടുത്തു ആവശ്യക്കാർക്ക് കൈമാരുന്നതായിരുന്നു ഇയാളുടെ കച്ചവട രീതി. ഇയാൾ ഇതിന് മുൻപും ലഹരി കച്ചവടം നടത്തി വരികയായിരുന്നു. എന്നാൽ പൊലീസിൽ പിടിനൽകാതെ വളരെ വിദഗ്‌ധമായി ആയിരുന്നു കച്ചവടം.

പൊലീസിനും ഡാൻസഫ് സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു. കർണാടക ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതിനപ്പുറം ലഹരിയുടെ കൃത്യമായ ഉറവിടങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!