മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും

ദുബൈ: മയക്കുമരുന്ന് കടത്തിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം ദിര്‍ഹം വീതം പിഴയും വിധിച്ചു, ഇവരില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. മയക്കുമരുന്നായ 4.2 കിലോഗ്രാം മരിജുവാന രാജ്യത്തേക്കു കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു യുവതി തൊണ്ടിസഹിതം പിടിയിലായത്.
35 വയസുള്ള ഗാമ്പിയന്‍ യുവാവും 27 വയസുള്ള നൈജീരിയക്കാരിയായ ഇയാളുടെ ഭാര്യയുമാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ജനുവരി രണ്ടിന് പിടിയിലായത്. പതിവുള്ള കസ്റ്റംസ് പരിശോധനയിലായിരുന്നു ഇവരില്‍നിന്നും മയക്കുമരുന്ന് കണ്ടെടുത്തത്. യുവതിയുടെ ലഗേജിന് അസാധാരണമായ ഭാരം അനുഭവപ്പെട്ടതാണ് പിടിയിലാവുന്നതിലേക്ക് നയിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലായിരുന്നു 4.29 കിലോഗ്രാം മരിജുവാന കണ്ടെടുത്തത്.
വെഹിക്കുളുകളുടെ ഫില്റ്ററിനകത്ത് ഒളിപ്പിച്ച രീതിയിലായിരുന്നു മയക്കുമരുന്ന്. ചോദ്യംചെയ്യലില്‍ നൈജീരിയക്കാരനായ ആള്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ലഗേജ് വാങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. നവംബര്‍ 28ന് ആയിരുന്നു ദുബൈ ക്രിമിനല്‍ കോടതി കേസില്‍ വിധി പറഞ്ഞത്. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.