പൊതുമാപ്പ് കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കി ദുബൈ
ദുബൈ: പൊതുമാപ്പ് കേന്ദ്രത്തില്‍ സേവനങ്ങള്‍ തേടി എത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികള്‍ക്കായ കളിസ്ഥലം ഒരുക്കി ദുബൈ അധികൃതര്‍. ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഡിആര്‍എഫ്എ)ന് കീഴിലാണ് അല്‍ അവീറിലെ പൊതുമാപ്പ് ടെന്റില്‍ കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം തുറന്നിരിക്കുന്നത്.
ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ആലോസരങ്ങളില്ലാതെ സമയം ചെലവിടാന്‍ ലക്ഷ്യമിട്ടാണ് ഈ മഹത്തായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പൊതുമാപ്പ് സേവനങ്ങള്‍ മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുകയാണ് തങ്ങളുടെ ദൗത്യമെന്നും ഈ കളിസ്ഥലം പൊതുമാപ്പ് കേന്ദ്രത്തിന്റെ ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണെന്നും അല്‍ അവീര്‍ എമിഗ്രേഷന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സലാഹ് അല്‍ ഖംസി വ്യക്തമാക്കി.
കളിപ്പാട്ടങ്ങള്‍, ചിത്രരചന, വായനക്കുള്ളയിടം എന്നിവ ഉള്‍ക്കൊള്ളുന്ന കളിസ്ഥലം, കുട്ടികള്‍ക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുന്നതാണ്. മാതാപിതാക്കള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ കുട്ടികള്‍ക്ക് കളിസ്ഥലത്ത് സുഖകരമായി ചെലവഴിക്കാനാകും. കുട്ടികള്‍ക്ക് വിദ്യാഭ്യാസപരവും വിനോദപരവുമായ അനുഭവങ്ങള്‍ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് കളിസ്ഥലം സജ്ജീകരിച്ചിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന ഗെയിമുകളും നൂതന വിനോദ പ്രവര്‍ത്തനങ്ങളുമായാണ് കുട്ടികളിലെ വിവിധ പ്രായത്തിലുള്ളവരുടെ അഭിരുചികൂടി പരിഗണിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും മാനസികവും സാമൂഹികവുമായ സംതൃപ്തി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കളിസ്ഥലമെന്നും അദ്ദേഹം വിശദീകരിച്ചു.