Dubai

ദുബൈ ലോകത്തെ എട്ടാമത്തെ ഏറ്റവും മികച്ച നഗരം

ദുബൈ: ലോകത്തെ ഏറ്റവും മികച്ച എട്ടാമത്തെ നഗരമെന്ന പദവി ദുബൈക്ക് സ്വന്തം. ഏറ്റവും മികച്ച 10 നഗരങ്ങളുടെ പട്ടികയില്‍ മധ്യപൂര്‍വദേശത്തുനിന്നുള്ള ഏക നഗരമാണ് ദുബൈ. ഇതോടെ മധ്യപൂര്‍വദേശത്തെ ഏറ്റവും മികച്ച നഗരമെന്ന പദവിയും ദുബൈ സ്വന്തമാക്കി. മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഗ്ലോബല്‍ പവര്‍ സിറ്റി പട്ടികയിലാണ് ദുബൈക്ക് അഭിമാന നേട്ടം.

ലണ്ടന്‍ നഗരമാണ് പട്ടികയില്‍ ഒന്നാമത്. ന്യൂയോര്‍ക്ക് രണ്ടും ടോക്കിയോ മൂന്നും പാരിസ് നാലും സ്ഥാനത്തുള്ള പട്ടികയില്‍ പിന്നീട് സ്ഥാനം പിടിച്ചിരിക്കുന്നത് സിംങ്കപ്പൂര്‍, സോള്‍, ആംസ്റ്റര്‍ഡാം, ദുബൈ, ബര്‍ലിന്‍ മാഡ്രിഡ് എന്നീ നഗരങ്ങളാണ്. മൂലധനത്തെയും സംരംഭങ്ങളെയും രാജ്യാന്തര മനുഷ്യരെയും ആകര്‍ഷിക്കുന്നതിലുള്ള ശേഷിയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള നയപരിപാടികളാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ദുബൈ ജനതയുടെ വിശ്വസ്തതയും അര്‍പ്പണബോധവും നേട്ടത്തില്‍ എടുത്തുപറയേണ്ടതാണെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!