
ദുബായ്: എമിറേറ്റിലെ ജലാശയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഡംബര നൗകകളുടെ ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന് ജിഡിആര്‍എഎഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്) വ്യക്തമാക്കി. 2024 ഡിസംബറില്‍ അബുദാബി തുടങ്ങിവച്ച ഗോള്‍ഡന്‍ വിസ പരിപാടിയാണ് ദുബായിയും നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
ദുബായില്‍ ഫെബ്രുവരി 19ന് ആരംഭിക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ 2025ന്റെ മുന്നോടിയായാണ് അധികൃതര്‍ ആഡംബര നൗകകളുടെ ഉടമകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തേക്കുള്ള വിസ കാലാവധിയില്‍ എത്ര തവണ വേണമെങ്കിലും യുഎഇയ്ക്ക് പുറത്തുപോയി വരാന്‍ ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് സാധിക്കും. അതോടൊപ്പം 10 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ മാത്രം ഈ വിസകള്‍ പുതുക്കിയാല്‍ മതിയെന്നതും വിസക്ക് ഉടമകളാവുന്നവരെ ആകര്‍ഷിക്കുന്ന ഘടകമാണ്.