ഹത്തയില്‍ കുടുങ്ങിയ അഞ്ച് മലകയറ്റക്കാരെ ദുബൈ പൊലിസ് രക്ഷപ്പെടുത്തി
ഹത്ത: മല കയറ്റത്തിനിടെ മലമുകളില്‍ കുടുങ്ങിപ്പോയ അഞ്ചുപേരെ ദുബൈ പൊലിസ് രക്ഷപ്പെടുത്തി. ചെങ്കുത്തായ പ്രദേശത്ത് അകപ്പെട്ട് തിരിച്ചിറങ്ങാന്‍ സാധിക്കാതെ വന്നവരെയാണ് ദുബൈ പൊലിസിന്റെ എയര്‍ വിങ് രണ്ട് എയര്‍ ആംബുലന്‍സുകളിലായി രക്ഷിച്ചത്.
രണ്ട് ആംബുലന്‍സ് ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് ദൗത്യത്തില്‍ പങ്കാളികളായത്. വളരെ വേഗം രക്ഷപ്പെടുത്താന്‍ സാധിച്ചതിനാല്‍ ഇവര്‍ക്ക് ചികിത്സ നല്‍കേണ്ടതോ, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതോ ആയ സാഹചര്യം ഉണ്ടായില്ലെന്നും പൊലിസ് അറിയിച്ചു. ഹെലികോപ്റ്ററിന് ഇറങ്ങാന്‍ സാധിക്കാത്ത ഇടത്തായിരുന്നു കുടുങ്ങിയതെന്നും അതിനാല്‍തന്നെ കപ്പിയും കയറിനും സമാനമായ വസ്തുക്കള്‍ ഉപയോഗിച്ച് ഇവരെ സുരക്ഷിതരായി പൊക്കിയെടുത്ത് ഹെലികോപ്റ്ററില്‍ എത്തിക്കുയായിരുന്നെന്നും എയര്‍വിങ് സെന്റര്‍ ആക്ടിങ് ഡയരക്ടര്‍ പൈലറ്റ് കേണല്‍ ഖല്‍ഫാന്‍ സലീം അല്‍ മസ്‌റൂഇ വ്യക്തമാക്കി.