ദുബൈ റണ്‍: ശൈഖ് ഹംദാനും പങ്കാളിയായി
ദുബൈ: ഇന്നലെ നടന്ന ദുബൈ റണ്ണില്‍ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പങ്കാളിയായി. രാവിലെ ആറരക്കായിരുന്നു മത്സരത്തിന് ആവേശകരമായ തുടക്കമായത്. പാരാഗ്ലൈഡേഴ്‌സിന്റെ സാന്നിധ്യം ആകാശങ്ങളില്‍ മഴവില്ലുതീര്‍ത്തു.
ദുബൈ പൊലിസ് മത്സരത്തിനായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ദുബൈ പൊലിസിന്റെ ഫ്യൂച്വറിസ്റ്റിക് സൈബര്‍ ടെസ്‌ല ട്രക്കും അണിനിരന്നിരുന്നു. ഓട്ടക്കാര്‍ക്ക് സൗകര്യം ഒരുക്കാനായി പൊലിസിന്റെ കുതിരപ്പടയും മുന്നിലുണ്ടായിരുന്നു. 2.78 ലക്ഷം പേരാണ് അതിരാവിലെ ഓട്ടമത്സരത്തിനായി സര്‍വസജ്ജരായി എത്തിയത്. കാറുകള്‍ നിറഞ്ഞൊഴുകുന്ന റോഡില്‍ ശൈഖ് ഹംദാന്‍ ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞൊഴുകുന്നത് കാണേണ്ട കാഴ്ചയായിരുന്നു.
നമ്പര്‍ മൂന്ന് എന്ന് എഴുതിയ കടുംനീല ടിഷേര്‍ട്ട് ധരിച്ചാണ് ശൈഖ് ഹംദാന്‍ 10 കിലോമീറ്റര്‍ ഓട്ടത്തിനായി എത്തിയത്. ശൈഖ് ഹംദാനെ മത്സരത്തില്‍ പങ്കാളികളായവരും കാണികളുമെല്ലാം ഫസ്സായെന്ന് സ്‌നേഹത്തോടെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു. ഞായറാഴ്ച അവധിദിനമായിട്ടും ആളുകള്‍ അത്യുത്സാഹത്തോടെ പതിവിലും നേരത്തെ എഴുന്നേറ്റാണ് ഓട്ടമത്സരത്തിനായി എത്തിയത്.
ദുബൈയില്‍നിന്നു മാത്രമല്ല, ഇതര എമിറേറ്റുകളില്‍നിന്നും മത്സരത്തിനായി ധാരാളം പേര്‍ എത്തിയിരുന്നു. പലര്‍ക്കും ദുബൈ റണ്‍ ഒരു വാര്‍ഷിക തീര്‍ഥാടനംപോലെയാണ്. ശനിയാഴ്ച രാത്രി തന്നെ കാറുമായി ദുബൈയിലേക്കു എത്തുകയായിരുന്നൂവെന്ന് അബുദാബിയിലെ താമസക്കാരനായ സിദ്ദിഖ് പറഞ്ഞു. കാര്‍ ബന്ധുവീട്ടില്‍ പാര്‍ക്ക് ചെയ്ത് കഷ്ടി ഒരു മണിക്കൂര്‍ മാത്രം ഉറങ്ങിയാണ് ഇത്തവണയും ഭാര്യക്കൊപ്പം പങ്കെടുക്കാന്‍ എത്തിയതെന്നും വര്‍ഷങ്ങളായി ഇതാണ് പതിവെന്നും സിദ്ദിഖ് പറഞ്ഞു.