‘ചേട്ടാ, കിടു മനുഷ്യൻ, കിടു കളി’; സഞ്ജുവിന് അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ് തുടങ്ങിയവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സഞ്ജുവിനെ അഭിനന്ദിച്ചപ്പോൾ സുരേഷ് റെയ്ന, ജോസ് ബട്ട്ലർ, ശിഖർ ധവാൻ തുടങ്ങിയ താരങ്ങൾ സഞ്ജുവിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമൻ്റ് ബോക്സിൽ താരത്തെ അഭിനന്ദിച്ചു. മത്സരത്തിൽ 107 റൺസ് നേടിയ സഞ്ജു കളിയിലെ താരമായിരുന്നു.
https://www.instagram.com/p/DCIBEgTORry/?utm_source=ig_web_copy_link
തുടരെ രണ്ട് രാജ്യാന്തര ടി20 സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായ സഞ്ജുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും മുൻ താരങ്ങളുമൊക്കെ സഞ്ജുവിനെ വാനോളം പുകഴ്ത്തി രംഗത്തുവന്നു. നിലവിലെ ഇന്ത്യൻ സ്ക്വാഡിലുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ്, തിലക് വർമ എന്നിവർ സഞ്ജുവിൻ്റെ പ്രകടനത്തെ പുകഴ്ത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. രാജസ്ഥാൻ റോയൽസ് മുൻ താരം കൂടിയായ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ, രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരഗ്, മുൻ താരം യുവരാജ് സിംഗ്, മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രി തുടങ്ങിയവരും ഇൻസ്റ്റഗ്രാമിൽ സഞ്ജുവിനെ അഭിനന്ദിച്ചു. സഞ്ജു പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ മുൻ താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്ന എന്നിവർക്കൊപ്പം രാജസ്ഥാൻ റിലീസ് ചെയ്ത ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ, രാജസ്ഥാൻ നിലനിർത്തിയ ഇന്ത്യൻ യുവതാരം ധ്രുവ് ജുറേൽ, ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദർ എന്നിവർ അഭിനന്ദനമറിയിച്ചു. ഇതിനിടെ, മുൻ താരം സുനിൽ ഗവാസ്കറിനെ ചിലർ വിമർശിക്കുന്നുമുണ്ട്.
മത്സരത്തിൽ 50 പന്തുകൾ നേരിട്ട് 107 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഏഴ് ബൗണ്ടറികളും 10 സിക്സറുകളും അടങ്ങിയതായിരുന്നു ഈ ഇന്നിംഗ്സ്. ബംഗ്ലാദേശിനെതിരായ അവസാന ടി20യിൽ സെഞ്ചുറി നേടിയ സഞ്ജു ഈ മത്സരത്തോടെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. ഇതോടൊപ്പം ഒരു ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സർ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡിൽ രോഹിത് ശർമയ്ക്കൊപ്പമെത്താനും സഞ്ജുവിന് സാധിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു കളിയിൽ നേടുന്ന ഏറ്റവുമധികം സിക്സ് നേടുന്ന താരം, ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയിലുള്ള ടി20 സെഞ്ചുറി എന്നീ റെക്കോർഡുകളും സഞ്ജു കുറിച്ചു. രണ്ട് റെക്കോർഡിലും സൂര്യകുമാർ യാദവ് ആണ് പിന്നിലായത്.
ഈ ഇന്നിംഗ്സോടെ ടി20യിൽ സഞ്ജു ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി എന്നതാണ് വിലയിരുത്തൽ. യശസ്വി ജയ്സ്വാൾ തിരികെയെത്തുമ്പോൾ സഞ്ജു – ജയ്സ്വാൾ കോംബോ ആവും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. അതായത് ശുഭ്മൻ ഗിൽ തത്കാലം പുറത്തിരിക്കേണ്ടിവരും.
സഞ്ജുവിൻ്റെ തകർപ്പൻ പ്രകടത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. സഞ്ജു പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ സ്കോറിംഗ് വേഗത വളരെയധികം കുറഞ്ഞിരുന്നു. സഞ്ജുവിനെക്കൂടാതെ 18 പന്തിൽ 33 റൺസ് നേടിയ തിലക് വർമ്മയും 17 പന്തിൽ 21 റൺസ് നേടിയ സൂര്യകുമാർ യാദവും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്കായി ജെറാൾഡ് കോട്ട്സിയ 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയായാവാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. 25 റൺസ് നേടിയ ഹെയ്‌ൻറിച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയുടെ സ്പിൻ ദ്വയങ്ങളായ വരുൺ ചക്രവർത്തിയും രവി ബിഷ്ണോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരം വിജയിച്ചതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. നവംബർ 10നാണ് പരമ്പരയിലെ രണ്ടാം മത്സരം.