ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായി; പ്രതിദിനം 1.75 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാവും

ജിദ്ദ: കിംങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായി. മാനുഷികമായ യാതൊരുവിധത്തിലുള്ള ഇടപെടലുകളുമില്ലാതെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന 70 ഈ ഗേറ്റുകളാണ് വിമാനത്താവളത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രതിദിനം 1.75 ലക്ഷം യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സൗദ് ബിന്‍ മിശാല്‍ ബിന്‍ അബ്ദുല്‍ അസീസ് ഇ-ഗേറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വ്യക്തമാക്കി. രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ഹാളിനും എക്‌സിക്യൂട്ടീവ് ഓഫീസ് സൗകര്യങ്ങള്‍ക്കിടയിലുമായാണ് ഈ ഗേറ്റുകളെല്ലാം സജ്ജമാക്കിയിരിക്കുന്നത്.
വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിങ് കമ്പനി, സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ആഭ്യന്തരമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഒരോ കവാടത്തിലൂടെയും ദിനേന 2,500 യാത്രക്കാര്‍ക്കുവരെ കടന്നുപോകാന്‍ സാധിക്കും. റിയാദിലെ കിംങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലും നീയോം ബേ വിമാനത്താവളത്തിലും ഇ-ഗേറ്റ് സംവിധാനം നേരത്തെ ആവിഷ്‌കരിച്ചിരുന്നു.