National

ജഗൻ മോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്റ്‌സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ഡാൽമിയ സിമന്റ്സിന്റെ 793 കോടി രൂപ വില വരുന്ന ഭൂമി ഇഡി കണ്ടുകെട്ടി. ഡാൽമിയ സിമന്റ്സിൽ ജഗൻ മോഹനുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തു.

2011-ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിനുശേഷം ഇഡി നടപടി. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്റ്സ്, രഘുറാം സിമന്റ്സ് എന്നീ കമ്പനികളിൽ ഡാൽമിയ സിമന്റ്സ് നിക്ഷേപം നടത്തിയിരുന്നു. ഇതിനുപകരമായി ജഗൻ വഴി കഡപ്പയിൽ 407 ഹെക്ടർ ഭൂമിയിൽ ഖനനാനുമതി ഡാൽമിയ സിമന്റ്സിന് കിട്ടിയെന്നാണ് സിബിഐയും ഇഡിയും കണ്ടെത്തിയത്.

2010-ൽ ജഗൻമോഹൻ റെഡ്ഡി, വിജയ് സായ് റെഡ്ഡി, പുനീത് ഡാൽമിയ എന്നിവർ ചേർന്ന് രഘുറാം സിമന്റ്സിന്റെ ഓഹരികൾ പാർഫിസിം എന്ന ഫ്രഞ്ച് കമ്പനിക്ക് വിറ്റിരുന്നു. ഇതിൽ നിന്ന് 135 കോടി രൂപ ലഭിച്ചു. ഇതിൽ നിന്ന് 55 കോടി ജഗൻ മോഹൻ റെഡ്ഡിക്കാണ് കിട്ടിയത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയതെന്നും മൊത്തം ഇടപാടുകൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി.

Related Articles

Back to top button
error: Content is protected !!