ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമം ഒറ്റ മനസ്സായി നിന്ന് ചെറുക്കണം: മുഖ്യമന്ത്രി

കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ജനാധിപത്യം നിലനിർത്താൻ കഴിഞ്ഞു എന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവേചനമില്ലാത്ത രാജ്യമെന്ന സ്വപ്‌നം യാഥാർഥ്യമായില്ല. മതാധിപത്യത്തിന് ചിലയിടങ്ങളിൽ ശ്രമം നടക്കുന്നു. ദാരിദ്ര്യം ഇല്ലാത്ത, ബാലവേല ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു
വർഗീയതയുടെ ശക്തികൾ ജാതി പറഞ്ഞ് മതം പറഞ്ഞ് ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമം നടത്തുകയാണ്. ഇതിനെ ഒറ്റ മനസ്സായി ചെറുത്തു തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ തുടങ്ങിയവ മുഖ്യമന്ത്രി വിതരണം ചെയ്തു.