ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ പ്രയോക്താവായി മാറ്റാനുള്ള ശ്രമം കരുതിയിരിക്കണം: മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുവിനെ ജാതിയുടെയോ മതത്തിന്റെയോ വേലിക്കുള്ളിൽ നിർത്തുന്നത് ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ജാതിമത ഭേദമന്യേയുള്ള മനുഷ്യസ്‌നേഹമായിരുന്നു. വർക്കല ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ പ്രയോക്താവായി മാറ്റാൻ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണം. വർണാശ്രമ ധർമ്മത്തിലൂന്നിയ സനാതന ധർമ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുത്. ചാതുർ വർണ്യ രാഷ്ട്രീയം തുടരുന്നവരാണ് ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഗുരുവിന്റെ മഹത്വമാർന്ന സന്ദേശങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നവരാകണം ഓരോ തീർഥാടകരും തീർഥാടന യാത്രയും. അല്ലാത്തവ പൊള്ളയായ ആചാര അനുഷ്ടാനങ്ങൾ മാത്രമായി തരം താണുപോകും. അന്ധമായ ആചാര അനുഷ്ടാനങ്ങൾക്കെതിരെയായിരുന്നു ഗുരു പ്രവർത്തിച്ച് പോന്നിരുന്നത്. അത്തരമൊരു പശ്ചാത്തലത്തിൽ പൊള്ളയായ ആചാരം ഗുരുനിന്ദയായി മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.