അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് മടങ്ങും വഴി ജവാന്മാര്‍ക്ക് നേരെ ആക്രമണം; ഒമ്പത് പേര്‍ക്ക് വീരമൃത്യു
സംഭവം ഛത്തീസ്ഗഢില്‍
ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് തിരിച്ച് വരും വഴി ഓപ്പറേഷന്‍ സംഘത്തിലെ ജവാന്മാര്‍ക്ക് നേരെ ആക്രമണം. ഐ ഇ ഡി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ വീരമൃത്യുവഹിച്ചു. ബിജാപൂരിലായിരുന്നു സംഭവം.
ഇന്ന് രാവിലെ ഛത്തീസ്ഗഢിലെ അബുജ്മദില്‍ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു.
സുരക്ഷാ സേന വധിച്ചവരില്‍ നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഈ ഓപ്പറേഷനുശേഷം ജവാന്മാര്‍ മടങ്ങുമ്പോഴായിരുന്നു മാവോയിസ്റ്റ് ആക്രമണം.
ജവാന്മാര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ ആയിരുന്നു ആക്രമണം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പത് പേരും കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബസ്റ്റര്‍ മേഖലയിലെ കുത്രുവിലാണ് സംഭവം നടന്നത്. ജവാന്മാര്‍ സഞ്ചരിക്കുകയായിരുന്ന സ്‌കോര്‍പിയോയ്ക്കുനേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സംസ്ഥാനത്തെ മാവോയിസത്തെ നേരിടാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് യൂണിറ്റായ ജില്ലാ റിസര്‍വ് ഗാര്‍ഡില്‍ നിന്നുള്ളവരാണ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഐഇഡി സ്‌ഫോടനത്തിന്റെ തീവ്രത സൂചിപ്പിക്കുന്ന രീതിയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആധിപത്യ മേഖലകളില്‍ സുരക്ഷാ സേന ആഴത്തില്‍ കടന്നുകയറുകയും വിമതരെ വളയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മാവോയിസ്റ്റ് ആക്രമണം
ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് ??സായി സ്‌ഫോടനത്തെ അപലപിക്കുകയും ഇത് ‘നിന്ദ്യവും’ ‘ദാരുണവും’ സംഭവമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘ഈ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, അവരുടെ കുടുംബാംഗങ്ങളോട് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും വിലയിരുത്തലും നടക്കുന്നു. നമ്മുടെ സൈനികരുടെ ത്യാഗം പോകില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നക്‌സലിസത്തെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,’ അദ്ദേഹം പറഞ്ഞു.