ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾ: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറത്തിറക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി നിർദേശിച്ചു
ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങൾ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ഇടപെടൽ. കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് നൽകി. ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകിയത്
250 വർഷത്തോളമായി നടക്കുന്ന ഉത്സവമാണ് തൃശ്ശൂർ പൂരമെന്നും എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും ദേവസ്വങ്ങൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.