ഇലോൺ മസ്കിന് ടെസ്ലയുടെ 29 ബില്യൺ ഡോളറിൻ്റെ പുതിയ ശമ്പള പാക്കേജ്

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല, സിഇഒ ഇലോൺ മസ്കിന് 29 ബില്യൺ ഡോളറിൻ്റെ ഓഹരി പാക്കേജ് അംഗീകരിച്ചു. കമ്പനിയുടെ നിർണായക ഘട്ടത്തിൽ മസ്കിന്റെ ദീർഘകാല പ്രതിബദ്ധത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2018-ൽ മസ്കിന് അനുവദിച്ച 50 ബില്യൺ ഡോളറിന്റെ ശമ്പള പാക്കേജ് ഡെലവെയർ കോടതി അസാധുവാക്കിയതിന് ശേഷമാണ് ടെസ്ലയുടെ ഈ പുതിയ തീരുമാനം.
കമ്പനിയുടെ ഭാവിയെക്കുറിച്ച് ഉയർന്നുവരുന്ന ആശങ്കകൾക്കിടയിലാണ് ടെസ്ലയുടെ ബോർഡ് ഈ പാക്കേജ് വീണ്ടും അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് റോബോടാക്സികൾ, റോബോട്ടിക്സ്, നിർമിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിലേക്ക് കമ്പനിയുടെ ശ്രദ്ധ മാറിയതോടെ മസ്കിന്റെ നേതൃത്വം അനിവാര്യമാണെന്ന് ബോർഡ് വിലയിരുത്തുന്നു. പുതിയ ഓഹരി പാക്കേജിലൂടെ മസ്കിന്റെ ഓഹരി പങ്കാളിത്തം വർധിക്കുകയും, കമ്പനിയുടെ തീരുമാനങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം കൂടുകയും ചെയ്യും.
മുൻ ശമ്പള പാക്കേജ് അസാധുവാക്കിയ കോടതി വിധിക്കെതിരെ മസ്ക് അപ്പീൽ നൽകിയിട്ടുണ്ട്. ഈ നിയമപോരാട്ടങ്ങൾക്കിടയിലും മസ്കിനെ ടെസ്ലയിൽ നിലനിർത്തുന്നതിനായി പുതിയ പാക്കേജ് ആവശ്യമാണെന്ന് കമ്പനി ബോർഡ് വ്യക്തമാക്കി. പുതിയ പാക്കേജിന് കീഴിൽ മസ്കിന് 96 ദശലക്ഷം ഓഹരികളാണ് ലഭിക്കുക. എന്നാൽ ഓരോ ഷെയറിനും 23.34 ഡോളർ എന്ന നിരക്കിൽ മസ്ക് പണം നൽകേണ്ടതുണ്ട്.
വിമർശകർക്കിടയിലും നിക്ഷേപകർക്കിടയിലും ഈ പാക്കേജ് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കമ്പനിയുടെ വളർച്ചയിൽ മസ്കിന്റെ പങ്ക് നിർണായകമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഉയർന്ന ശമ്പള പാക്കേജ് ഓഹരി ഉടമകൾക്ക് നീതിയല്ലെന്ന് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു.