ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടച്ചു; ഓഫീസിലെ 145 വർഷം പഴക്കമുള്ള മേശ മാറ്റി ട്രംപ്

145 വർഷം പഴക്കമുള്ള ഓഫീസിലെ മേശ മാറ്റി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടച്ചതോടെയാണ് ഡെസ്‌ക് മാറ്റാൻ ട്രംപ് തീരുമാനിച്ചത്. കാലാകാലങ്ങളായി യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന റസല്യൂട്ട് ഡസ്‌കാണ് ട്രംപ് മാറ്റിയത്.
അമേരിക്കൻ ചരിത്രത്തിൽ തന്നെ പ്രധാന്യമുള്ള പല ഉത്തരവുകളും ഒപ്പിട്ടത് ഈ മേശയിൽ വെച്ചാണ്. മസ്‌കിന്റെ മകൻ മൂക്കിൽ തൊട്ട കൈ മേശപ്പുറത്ത് വെക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ഇതാണ് മേശ മാറ്റാനുള്ള ട്രംപിന്റെ തീരുമാനമെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
മസ്‌ക് സംസാരിക്കുന്നതിനിടെ മകൻ എക്‌സ് ആഷ് എ 12 ട്രംപിന് സമീപത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ കുട്ടി മൂക്ക് തൊട്ട കൈ മേശയിൽ തുടച്ചു. രോഗാണുക്കളോട് അമിത ഭയമുള്ള ട്രംപ് ഉടനെ മേശ മാറ്റിയെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്
ആർട്ടിക് പര്യവേഷണങ്ങൾക്ക് ഉപയോഗിച്ചിരുന്ന എച്ച് എം എസ് റെസല്യൂട്ട് എന്ന കപ്പലിന്റെ തടി ഉപയോഗിച്ചാണ് ഈ മേശ നിർമിച്ചത്. ഇതിനാലാണ് റസല്യൂട്ട് ഡെസ്‌ക് എന്ന് ഈ മേശക്ക് പേര് വീണത്. 1880ൽ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ യുഎസ് പ്രസിഡന്റ് റൂഥർഫോർഡ് ബി ഹെയ്‌സിന് സമ്മാനിച്ചതാണിത്.