എമിറേറ്റ്‌സിന്റെ എയര്‍ബസ് എ350 സര്‍വിസ് ആരംഭിച്ചു
ദുബൈ: ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ പ്രഥമ എയര്‍ബസ് എ350യുടെ വാണിജ്യ സര്‍വിസ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ദുബൈ-എഡിന്‍ബര്‍ഗ് റൂട്ടില്‍ വിമാനം സര്‍വിസ് തുടങ്ങിയത്. എമിറേറ്റ്‌സ് എയര്‍വെയ്‌സിന്റെ ഭാഗമാവാന്‍ ഇരിക്കുന്ന 65 എ350 വിമാനങ്ങളില്‍ ആദ്യത്തേതാണ് സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളിലായി ബാക്കിയുള്ളവയെല്ലാം പൂര്‍ണമായും കമ്പനിയുടെ ഭാഗമാവും.
മൂന്ന് ക്യാബിന്‍ ക്ലാസുകളിലായി മൊത്തം 312 പേരെയാണ് ഇവക്ക് വഹിക്കാനാവുക. 32 നെക്സ്റ്റ് ജനറേഷന്‍ ബിസിനസ് ക്ലാസും 21 പ്രീമിയം ഇക്കോണമി സീറ്റും 259 ഇക്കോണമി ക്ലാസുമാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്. വരും മാസങ്ങളില്‍ എട്ട് രാജ്യാന്തര സര്‍വിസുകള്‍കൂടി എ350 ഉപയോഗിച്ച് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ, അഹമ്മദാബാദ്, കുവൈറ്റ്, ബഹ്‌റൈന്‍, കൊളംമ്പോ, ലിയോണ്‍, മസ്‌കത്ത്, ബൊളോഗ്ന എന്നിവിടങ്ങളിലേക്കാവും സര്‍വീസുകള്‍.