Kerala
സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; ഈ മാസം 20 മുതൽ നിരാഹാര സമരം ആരംഭിക്കും

സമരത്തിന്റെ രീതി മാറ്റാനൊരുങ്ങി ആശ വർക്കർമാർ. ഈ മാസം 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് നേതാക്കൾ നിരാഹാര സമരമിരിക്കും. ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാവ് വികെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.
സമരം 36 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഇന്ന് ആശമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കുകയാണ്. വൈകിട്ട് ആറ് മണി വരെയാണ് ഉപരോധ സമരം. വിവിധയിടങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ആശമാരാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്.
സർക്കാർ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് സെക്രട്ടേറിയറ്റ് ഉപരോധം. ഗേറ്റിന് മുന്നിൽ റോഡിൽ ഇരുന്നും കിടന്നുമൊക്കെയാണ് സമരം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ കെ രമ തുടങ്ങിയവർ സമരത്തിന് പിന്തുണ അറിയിച്ച് എത്തി.