Movies

മാർച്ച് 27ന് ‘എമ്പുരാൻ’ തീയറ്ററിൽ എത്തില്ല; ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റീലീസുകളിൽ ഒന്നാണ് മോഹൻലാൽ നായകനായ എമ്പുരാന്റേത്. മാർച്ച് 27ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ ഇന്ന് (മാർച്ച് 15) പുറത്തുവിട്ടിരുന്നു. എങ്കിലും റിലീസ് അടുത്തിട്ടും ചിത്രത്തിന്റെ ടീസർ പുറത്തുവിടാത്തതിൽ ആരാധകർ നിരാശരാണ്. അതിനിടെയാണ് ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി സ്ഥാനത്ത് നിന്നും തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയെന്ന സൂചന വരുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക പ്രൊഡക്ഷന്‍സും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. എന്നാൽ, ലൈക നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുക്കും എന്നാണ് വിവരം. ലൈക്ക പ്രൊഡക്‌ഷൻസിന്റെ പിന്തുണ ഇല്ലാതെ തന്നെ ചിത്രം തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമം ആശിർവാദ് സിനിമാസ് നേരത്തെ ആരംഭിച്ചതായും സൂചനയുണ്ട്. ഇതിൽ ഉടൻ വൈകാതെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.

‘എന്തിരന്‍ 2.0’, ‘പൊന്നിയിന്‍ സെല്‍വന്‍’ തുടങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ നിർമിച്ച ലൈക്ക പ്രോഡക്‌ഷൻസിന്റെ കേരളത്തിലേക്കുള്ള വരവ് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ലൈക്കയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ പരാജയമായി. ‘വിടാമുയര്‍ച്ചി’, ‘ഇന്ത്യന്‍ 2’, ‘ലാല്‍ സലാം’, ‘ചന്ദ്രമുഖി 2’, തുടങ്ങിയ ചിത്രങ്ങൾക്കൊന്നും ബോക്സ് ഓഫീസിൽ വലിയ നേട്ടം കൈവരികനായില്ല. അതുകൊണ്ടാണ് ലൈക എമ്പുരാനിൽ നിന്ന് പിന്മാറുന്നതടക്കമുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എമ്പുരാൻ റിലീസിന് ഇനി നാളുകൾ മാത്രം ശേഷിക്കെയാണ് പുതിയ റിപ്പോർട്ടുകൾ എത്തുന്നത്.

എമ്പുരാൻ റിലീസ് വൈകുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചപ്പോൾ ചിത്രത്തിന്റെ സംവിധായകൻ പൃത്വിരാജ് റിലീസ് നിശ്ചയിച്ച സമയത്ത് തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, ചിത്രത്തിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നും വിവരങ്ങളുണ്ട്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019ലാണ് എമ്പുരാൻ പ്രഖ്യാപിച്ചത്. പിന്നാലെ 2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

Related Articles

Back to top button
error: Content is protected !!