National
ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; സർക്കാർ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തിസ്ഗഢ് സർക്കാർ തലക്ക് 10 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവെന്ന മാവോയിസ്റ്റും കൊല്ലപ്പെട്ടു.
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവറാവു എന്ന ബസവരാജിനെ രണ്ട് ദിവസം മുമ്പ് ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടായി നടക്കുന്ന മാവോയിസ്റ്റ് വിരുദ്ധ നടപടിയിൽ ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായിട്ടാണ്.
2011ൽ ബംഗാളിൽ നടന്ന ഏറ്റുമുട്ടലിൽ പോളിറ്റ് ബ്യൂറോ അംഗം മല്ലോജുല കോടേശ്വർ റാവുവിനെ സുരക്ഷാ സേന വധിച്ചിരുന്നു. ഛത്തിസ്ഗഢിൽ അടുത്തിടെയുണ്ടായ ഏറ്റുമുട്ടലിൽ 200 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്.