Kerala
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കണം; ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസിന്റെ റിപ്പോർട്ടിൽ കോടതി നടുക്കം രേഖപ്പെടുത്തി.
നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി പറഞ്ഞു. എഡിജിപി അജിത് കുമാറാണ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
ശബരിമലയെ മാലിന്യമുക്തമാക്കുന്നതിന് വേണ്ടിയായിരുന്നു പുണ്യം പൂങ്കാവനം പദ്ധതി. 2011ലാണ് പദ്ധതി ആരംഭിച്ചത്. പോലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും പദ്ധതിയിൽ കൈ കോർത്തിരുന്നു.