Kerala
ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; കോഴിക്കോട് വീട്ടിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി

ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന കോഴിക്കോട് വടകര പതിയാരക്കരയിൽ വീട്ടിൽ എക്സൈസ് പരിശോധന. ഇവിടെ നിന്നും 0.6 ഗ്രാം എംഡിഎംഎയും,10 ഗ്രാം കഞ്ചാവും, ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പതിയാരക്കര സ്വദേശി അർഷാദിനെയാണ് വടകര എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത അർഷാദിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് ചോറോട് കുരുക്കിലാട് ബന്ധുവിന്‍റെ വീട്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് 0.52 ഗ്രാം എംഡിഎംഎ സൂക്ഷിച്ചതായി കണ്ടെത്തിയത്. കാർ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
കൂടാതെ സിഗരറ്റിൽ ഉപയോഗിക്കുന്ന നിക്കോട്ടിൻ എസ്സൻസ്, ഒസിബി ലീഫ്, കഞ്ചാവ് ഫിൽട്ടർ ചെയ്യുന്ന റൗച്ച്, രണ്ട് ലക്ഷത്തിലേറെ രൂപ വിലയുള്ള മൊബൈൽ ഫോണുകൾ, ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പ് എന്നിവയും അധികൃതർ കസ്റ്റഡിയിൽ എടുത്തു.