ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടാൻ വൈകും; വീണ്ടും പരാതി ലഭിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിൽ പിന്നെയും തടസ്സം. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതിനെതിരെ വീണ്ടും പരാതി വന്നു. ഈ സാഹചര്യത്തിൽ ഇന്ന് ഉത്തരവുണ്ടാകില്ല. വിവരാവകാശ കമ്മീഷന് മുന്നിൽ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി പരിശോധിച്ച ശേഷമേ ഉത്തരവ് സംബന്ധിച്ച തീരുമാനമുണ്ടാകൂവെന്ന് അപ്പീൽ നൽകിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടി മാറ്റിയ ഭാഗം ഇന്ന് പുറത്തുവിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലായിരുന്നു തീരുമാനം. ഹേമ കമ്മി്‌റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൽ 29 പാരഗ്രാഫുകൾ ഒഴിവാക്കണമെന്നായിരുന്നു ആദ്യ നിർദേശം
എന്നാൽ 130ഓളം പാരഗ്രാഫുകൾ സർക്കാർ സ്വന്തം നിലയ്ക്ക് ഒഴിവാക്കിയാണ് റിപ്പോർട്ട് കൈമാറിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മാധ്യമപ്രവർത്തകർ അപ്പീൽ നൽകിയത്. വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിൽ ഈ ഭാഗങ്ങൾ പുറത്തുവരാൻ വീണ്ടും വൈകും.