World
ജപ്പാനിൽ യുഎസ് വ്യോമത്താവളത്തിൽ സ്‌ഫോടനം; നാല് ജാപ്പനീസ് സൈനികർക്ക് പരുക്ക്

ജപ്പാനിൽ യുഎസ് വ്യോമത്താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരുക്ക്. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ വ്യോമത്താവളത്തിലാണ് സ്‌ഫോടനം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന് കീഴിലുള്ള കഡേന വ്യോമത്താവളത്തിലെ ആയുധസംഭരണശാലയിലാണ് സ്‌ഫോടനം നടന്നത്. യുഎസ് സൈനികർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റിട്ടില്ല. രണ്ടാം ലോകയുദ്ധ കാലത്ത് പൊട്ടാതെ കിടന്ന സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുമ്പ് സൂക്ഷിക്കുന്ന സ്ഥലമാണിത്.
സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ നൂറുകണക്കിന് ടൺ ബോംബുകൾ ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 1856 ടൺ ബോംബുകൾ ഇവിടെ പൊട്ടാതെ കിടപ്പുണ്ട്.