ബെംഗളൂരു ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി; പോലീസ് അന്വേഷണം ഊർജിതമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. ശുചിമുറിയ്ക്ക് സമീപം ഒരു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പോലീസ് കണ്ടെടുത്തത്. ഈ സംഭവം ബെംഗളൂരുവിൽ ആശങ്ക പരത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 10 മണിയോടെ ബസ് സ്റ്റാൻഡിലെ പൊതു ശുചിമുറി ജീവനക്കാരനാണ് സംശയാസ്പദമായ കവർ ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പടിഞ്ഞാറൻ ഡിസിപി എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബോംബ് സ്ക്വാഡും ഉടൻതന്നെ സ്ഥലത്തെത്തി. സ്ഫോടക വസ്‌തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യുകയും പ്രദേശം വളയുകയും ചെയ്തു.
ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെവ്വേറെയാണ് സൂക്ഷിച്ചിരുന്നതെങ്കിലും, ഇവ ഒരുമിച്ച് കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, സ്ഫോടക വസ്‌തുക്കൾ അവിടെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിനു ചുറ്റുമുള്ള കരിങ്കൽ ക്വാറികളിൽ പാറ പൊട്ടിക്കാൻ സാധാരണയായി ഇത്തരം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട്, കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ ക്വാറി ആവശ്യങ്ങൾക്കുള്ളതാണോ അതോ മറ്റ് ഏതെങ്കിലും ദുരുദ്ദേശ്യങ്ങൾക്കാണോ കൊണ്ടുവന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ഈയിടെ നഗരത്തിൽ രമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണം തുടരുകയാണ്.