‘എഫ്1എച്ച്ടുഒ’ ഷാര്‍ജ ഗ്രാന്റ് പ്രീക്ക് തുടക്കമായി

ഷാര്‍ജ: എഫ്1എച്ച്ടുഒ യുഐഎം വേള്‍ഡ് ചാംമ്പ്യന്‍ഷിപ്പായ ഷാര്‍ജ ഗ്രാന്റ് പ്രീക്ക് ഖാലിദ് ലഗൂണില്‍ തുടക്കമായി. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഇന്നലെ ജലോത്സവത്തിന് തുടക്കമായത്. ഷാര്‍ജ വേള്‍ഡ് ചാംമ്പ്യന്‍ഷിപ്പ് വീക്ക് എന്ന് അറിയപ്പെടുന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നത് ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ്.
19 മത്സരാര്‍ഥികളാണ് മാറ്റുരക്കുന്നതെന്ന് അതോറിറ്റി ഡയരക്ടര്‍ ഇസ്സാം മുഹമ്മദ് ഖലീഫ അല്‍ കഅബി വ്യക്തമാക്കി. അവസാന റൗണ്ടില്‍ പവര്‍ ബോട്ടുകളാണ് മാറ്റുരക്കുക. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഷാര്‍ജ സ്ട്രാറ്റജിക് ആന്റ് ഗവണ്‍മെന്റ് പാട്‌ണേഴ്‌സുമായും ഫെഡറല്‍ സര്‍ക്കാരുമായും സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.