Kerala

മലപ്പുറത്ത് സ്‌കൂളിന് അവധി പ്രഖ്യാപിച്ച ‘കലക്ടര്‍’ 17കാരന്‍; ഉപദേശിച്ചും താക്കീത് നല്‍കിയും വിട്ടയച്ച് പോലീസ്

വ്യാജ സന്ദേശം അയച്ചത് വിദ്യാര്‍ഥി

മഴ തിമിര്‍ത്ത് പെയ്യുന്നത് കണ്ടപ്പോള്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കാന്‍ 17 കാരന് ഒരു ആഗ്രഹം. പ്രഖ്യാപിക്കേണ്ടത് കലക്ടര്‍. അദ്ദേഹം അത് പ്രഖ്യാപിക്കുന്നുമില്ല. പിന്നെ ഒന്നും നോക്കിയില്ല. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കലക്ടറുടെ പേരില്‍ വ്യാജ പോസ്റ്റും പോസ്റ്ററുമുണ്ടാക്കി. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. ഭാഗ്യത്തിന് അന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പക്ഷെ ഔദ്യോഗിക അറിയിപ്പിന് മുമ്പ് തന്നെ നാട്ടുകാര്‍ക്ക് വ്യാജ കലക്ടറില്‍ നിന്ന് ഉത്തരവ് കിട്ടിയിരുന്നു.

പോലീസിനെയും കലക്ടറേറ്റിനെയും നാണക്കേടിലാക്കിയ ഈ വ്യാജനേ തേടി പോലീസ് എത്തിയത് ഒരു 17കാരനില്‍. ചെക്കന്‍ തിരുനാവായ വൈരങ്കോട് സ്വദേശിയാണ്. പ്രായപൂര്‍ത്തിയാകാത്തത് കൊണ്ട് പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി സാജു കെ. എബ്രഹാം, സൈബര്‍ പോലീസ് ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വാട്സാപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ പ്രതിയെ കണ്ടെത്തിയത്.

സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ. നജ്മുദ്ദീന്‍, സി.പി.ഒ.മാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ 17കാരനെ മാതാപിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി പോലീസ് ഉപദേശം നല്‍കി. പിന്നീട് വിട്ടയച്ചു. ഇനി ഇത്തരത്തില്‍ പോലീസിനെ വട്ടംകറക്കുന്ന വ്യാജ പരിപാടിയെടുത്താല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് താക്കീത നല്‍കിയാണ് ഇവരെ വിട്ടയച്ചത്.

Related Articles

Back to top button
error: Content is protected !!