ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മുഖ്യപ്രതി നാരായണ ദാസ് ബംഗളൂരുവിൽ പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് നാരായണ ദാസിനെ പിടികൂടിയത്. ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസിലാണ് അറസ്റ്റ്
പ്രതിയെ നാളെ നാട്ടിലെത്തിക്കും. ഷീല സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് നാരായണദാസ് ഒളിവിൽ പോയത്.
മുൻകൂർ ജാമ്യം തേടി നാരായണ ദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദേശം. ഇതോടെയാണ് ഇയാൾ ഒളിവിൽ പോയത്. 2023 ഫെബ്രുവരി 27നാണ് എൽഎസ്ഡി സ്റ്റാമ്പുകൾ കൈവശം വെച്ചെന്ന് ആരോപിച്ച് ഷീലയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്
പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജ എൽഎസ്ഡി സ്റ്റാമ്പുകളാണെന്ന് ബോധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസത്തോളം ഷീലക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നു.