Sports

82 പന്തില്‍ 122; സെലക്ടര്‍മാരുടെ ശ്രദ്ധ തിരിച്ച് കരുണ്‍ നായറിന്റെ കൂറ്റന്‍ ഇന്നിംഗ്‌സ്

രാജസ്ഥാനെ തകര്‍ത്ത് വിദര്‍ഭ സെമിയില്‍

ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടന്നുകൊണ്ടിരിക്കെ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാരുടെ ശ്രദ്ധ തിരിപ്പിച്ച് മലയാളി വേരുള്ള കരുണ്‍ നായര്‍. വിദര്‍ഭയുടെ ക്യാപ്റ്റന്‍ കൂടിയായ കരുണിനെ ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തക്കിടെയാണ് വിജയ് ഹസാരെ ട്രോഫിയില്‍ താരത്തിന്റെ കൂറ്റന്‍ പ്രകടനം.

രാജസ്ഥാനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് കരുണിന്റെ പ്രകടനം. 82 പന്തില്‍ നിന്ന് 122 റണ്‍സ് എടുത്ത കരുണ്‍ 13 ഫോറുകളും അഞ്ച് സിക്‌സറുകളും പറത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 291 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ വിജയം നേടിക്കൊടുത്തത് മൂന്നാമനായി ഇറങ്ങിയ കരുണ്‍ നായരും ഓപ്പണറായ ധ്രുവ് ഷോറെയ് 118 റണ്‍സുമെടുത്ത് ടീമിനെ വിജയിപ്പിക്കുകയായിരുന്നു.

അതേസമയം, ഈ സെഞ്ച്വറിയോടെ കരുണ്‍ നായര്‍ വിജയ് ഹസാരയില്‍ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചത്.

കരുണ്‍ ടൂര്‍ണമെന്റില്‍ 5 സെഞ്ച്വറികള്‍ നേടിയാണ് നാരായണ്‍ ജഗദീശന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. 2022-23 സീസണിലാണ് ജഗദീശന്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയത്. 2016 ല്‍ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞ കരുണ്‍ നായര്‍ തിരികെ ദേശീയ ടീമിലെത്തുക എന്ന ലക്ഷ്യത്തിനായി തീവ്ര പരിശ്രമത്തിലാണ്.വിജയ് ഹസാരെ ട്രോഫിയില്‍ ആറ് കളികളില്‍ നിന്നായി താരം 664 റണ്‍സാണ് അടിച്ച് കൂട്ടിയത്. 122 * (108), 44 * (52), 163 *(107), 111* (103), 112 (101),122 *(82 ) എന്നിങ്ങനെയാണ് സ്‌കോറുകള്‍. ജമ്മു കശ്മീരിനെതിരെ മിന്നും സെഞ്ച്വറിയോടെ ടൂര്‍ണമെന്റ് ആരംഭിച്ച കരുണ്‍ ചണ്ഡീഗഡ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയും സെഞ്ച്വറി നേടി. 33-കാരനായ താരം ടൂര്‍ണമെന്റില്‍ ആറ് ഇന്നിംഗ്സുകളില്‍ ഒരു തവണ മാത്രമാണ് പുറത്തായത്.

 

Related Articles

Back to top button
error: Content is protected !!