Kerala

വിപ്ലവ നായകന് വിട; വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജൂൺ 23നാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

സംസ്ഥാനത്തിന്റെ 20ാമത്തെ മുഖ്യമന്ത്രിയായിരുന്നു വി എസ് അച്യുതാനന്ദൻ. 2006 മുതൽ 2011 വരെയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നത്. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും 1964 മുതൽ 2015 വരെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവാണ് വിട വാങ്ങിയത്. 2019 വരെ പൊതുരംഗത്ത് സജീവമായിരുന്നു വി എസ്. ഇതിന് ശേഷം ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വം കൂടിയാണ് വിഎസ്. ജനകീയ പ്രശ്‌നങ്ങളിലും പൊതുതാത്പര്യ വിഷയങ്ങളിലും ഇടപെട്ട് നിർഭയം പ്രതികരിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയത്തിന് അതീതമായി ജനങ്ങലുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായി വിഎസിനെ നിയമിച്ചിരുന്നു. 2020 വരെ അദ്ദേഹം ആ ചുമതല വഹിച്ചു. മതികെട്ടാനിലെ ഭൂമി കയ്യേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള, വിവാദമായ ഐസ്‌ക്രീം പീഡനക്കേസ് തുടങ്ങിയ വിഷയങ്ങളിൽ വി എസ് അച്യുതാനന്ദന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

1923 ഒക്ടോബർ 30ന് ആലപ്പുഴ പുന്നപ്രയിലാണ് വിഎസ് ജനിക്കുന്നത്. 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി മാറിയ വിഎസ് 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. കമ്മ്യൂണിസ്റ്റ് നേതാവായ പി കൃഷ്ണപിള്ളയാണ് വിഎസിനെ ഒരു നേതാവായി ഉയർത്തിക്കൊണ്ടുവരുന്നത്. പ്രസ്ഥാനം വളർത്തുന്നതിനായി കൃഷ്ണപിള്ള വിഎസിനെ കുട്ടനാട്ടിലേക്ക് അയച്ചു.

പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റിലായി. ലോക്കപ്പിൽ അതിക്രൂരമായ മർദനത്തിന് വിധേയനായി. നാല് വർഷക്കാലം പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു. 1954ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയും 1959ൽ ദേശീയ കൗൺസിൽ അംഗവുമായി. 1964ൽ പാർട്ടി രണ്ടായി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി.

1980 മുതൽ 1991 വരെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഇതിൽ ഏഴ് തവണ വിജയിച്ചു. മൂന്ന് തവണ അപ്രതീക്ഷിത പരാജയം നുണഞ്ഞു. മൂന്ന് ടേമുകളിലായി കേരളത്തിന്റെ പ്രതിപക്ഷ നേതാവായും വിഎസ് പ്രവർത്തിച്ചു. നിയമസഭക്ക് അകത്തും പുറത്തും ഏറെ ജനകീയനായിരുന്നു വിഎസ്.

Related Articles

Back to top button
error: Content is protected !!