National

റിപ്പബ്ലിക് ദിനത്തില്‍ ദേശവ്യാപക ട്രാക്‌ടര്‍ മാര്‍ച്ചുമായി കര്‍ഷകരുടെ പ്രതിഷേധം

ചണ്ഡിഗഢ്: രാജ്യം 76 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ ട്രാക്‌ടര്‍ റാലിയുമായി പ്രതിഷേധത്തില്‍. ഹരിയാനയിലും പഞ്ചാബിലുമടക്കമുള്ള കര്‍ഷകരാണ് റാലിയുമായി രംഗത്തെത്തിയത്. 123 വിളകള്‍ക്ക് നിയമപരമായ ചുരുങ്ങിയ താങ്ങുവില ഉറപ്പാക്കുക എന്ന ആവശ്യവുമായാണ് ട്രാക്‌ടര്‍ റാലി. രാഷ്‌ട്രീയേതര യുണൈറ്റഡ് കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച, രാഷ്‌ട്രീയ യൂണൈറ്റഡ് കിസാന്‍ മോര്‍ച്ച എന്നീസംഘടനകള്‍ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. ‘ഭരണഘടന സ്വീകരിച്ചതിന്‍റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും കര്‍ഷകര്‍ക്കും അംബാനിമാരെയും അദാനിമാരെയും പോലുള്ള വ്യവസായികള്‍ക്കും രാജ്യത്ത് രണ്ട് ഭരണഘടനയാണ് നിലവിലുള്ളതെന്ന്’ റാലിയിൽ പങ്കെടുക്കുന്ന കര്‍ഷക നേതാവ് സാര്‍വണ്‍ സിങ് പാന്ഥേര്‍ കുറ്റപ്പെടുത്തി.

ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്ക് ട്രാക്‌ടര്‍ മാര്‍ച്ച്

പഞ്ചാബില്‍ 200 ഇടത്ത് പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രാക്‌ടറുകള്‍ തെരുവിലിറക്കി. ഇതിന് പുറമെ ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ 1.30 വരെ ബിജെപി നേതാക്കളുടെ വീടിന് മുന്നില്‍ ട്രാക്‌ടറുകളുമായി പ്രതിഷേധക്കാരെത്തി. ബിജെപി കര്‍ഷക വിരുദ്ധവും പഞ്ചാബ് വിരുദ്ധവുമായ തന്ത്രങ്ങളിലുടെ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും നേട്ടമുണ്ടാക്കിക്കൊടുക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം.

ദല്ലെവാളിന്‍റെ പിന്തുണ

അതിനിടെ കര്‍ഷക നേതാവ് ജഗജിത് സിങ് ദല്ലെവാളിന്‍റെ നിരാഹാര സമരം 62 -ാം ദിനത്തിലേക്ക് കടന്നു. പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധം തുടങ്ങിയിട്ട് ഒരുവര്‍ഷത്തോളമായെന്ന് കര്‍ഷകര്‍ പറയുന്നു. ദല്ലെവാള്‍ മരണം വരെ നിരാഹാര സമരവുമായി രംഗത്ത് എത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇനിയും തങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകുകയോ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയാറാകുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ ആന്തോളന്‍-2 ആരംഭിച്ചത് 2024 ഫെബ്രുവരി 13നാണ്. രാഷ്‌ട്രീയേതര സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ച എന്നിവയുടെ കീഴിലായിരുന്നു പ്രക്ഷോഭം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് കേന്ദ്രമന്ത്രിമാര്‍ ചണ്ഡിഗഢില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി മൂന്ന് തവണ ചര്‍ച്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചകളില്‍ പങ്കെടുത്തു. എന്നാല്‍ യാതൊരു പരിഹാരത്തിലുമെത്താനായില്ല.

പിന്നീട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് ഇവരുടെ മാര്‍ച്ച് തടഞ്ഞു. പിന്നീട് കര്‍ഷകര്‍ അവിടെത്തന്നെ പ്രതിഷേധം തുടങ്ങി. ഫെബ്രുവരി 21ന് ശുഭകരണ്‍ സിങ് എന്ന യുവ കര്‍ഷകന്‍ ഖനൗരി അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിനിടെയായിരുന്നു ഇത്.

Related Articles

Back to top button
error: Content is protected !!