
ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ജിന്‍കോ ഗ്രൂപ്പിന്റെ ഉടമ ഗയാത്ത് മുഹമ്മദ് ഗയാത്ത് ഫാദേഴ്‌സ് എന്റോവ്‌മെന്റ് ക്യാമ്പയിനിലേക്ക് 70 ലക്ഷം ദിര്‍ഹം സംഭാവന ചെയ്തു. ഇന്നലെയാണ് അദ്ദേഹം സംഭാവന നല്‍കിയത്. യുഎഇ വൈസ് പ്രസിഡന്റ് പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂമാണ് ആഴ്ചകള്‍ക്കു മുന്‍പ് ഫാദേഴ്‌സ് എന്റോവ്‌മെന്റ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.
യുഎഇയിലെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. ഫാദേഴ്‌സ് എന്റോവ്‌മെന്റ് ക്യാമ്പയിന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഗയേത്ത് വ്യക്തമാക്കി. റമദാന് മുന്നോടിയായി തന്നെ എന്റോവ്‌മെന്റ് പരിപാടി പ്രഖ്യാപിച്ചതിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് ദാനം നല്‍കാനും പാവങ്ങള്‍ക്കായി സഹായങ്ങള്‍ ചെയ്യാനുമുള്ള വലിയൊരു അവസരമാണ് തുറന്നിട്ടിരിക്കുന്നത്. എമിറൈറ്റ് ഇസ്ലാമിക് ബാങ്കിന്റെ എഇ 020340003518492868201 എന്ന ഐബാന്‍ നമ്പറിലേക്കാണ് സംഭാവന അയക്കേണ്ടത്. മൊബൈലുകളില്‍ നിന്ന് 1034 എന്ന നമ്പറിലേക്ക് സംഭാവന അയക്കാം ഈ നമ്പറിലേക്ക് 10 ദിര്‍ഹം വീതമാണ് അയക്കാന്‍ പറ്റുക. 1035 നമ്പറിലേക്ക് ആണെങ്കില്‍ 50 ദിര്‍ഹവും 1036ലേക്ക് ആണെങ്കില്‍ നൂറു ദിര്‍ഹവും 1038 ആണെങ്കില്‍ 500 ദിര്‍ഹവുമാണ് അയക്കാന്‍ സാധിക്കുക. ഇത്തിസലാത്ത് ഇ &, ഡു ഉപഭോക്താക്കള്‍ക്കായുള്ളതാണ് ഈ എസ്എംഎസ് നമ്പറുകള്‍.