സര്‍വകാല റെക്കോഡിട്ട് ഫെബ്രുവരി മടങ്ങി; ആഭരണപ്രേമികള്‍ക്ക് മാര്‍ച്ച് പ്രതീക്ഷകളുടേതോ

ഫെബ്രുവരി 25ന് സ്വര്‍ണവില കണ്ട് ഞെട്ടിത്തരിച്ച മലയാളിക്ക് പിന്നീടുള്ള ദിനങ്ങള്‍ ആശ്വാസങ്ങളുടേതായിരുന്നു. അന്ന് പവന്റെ നിരക്ക് 64,600 രൂപ. അതുവരെ രേഖപ്പെടുത്തിയതിലെ സര്‍വകാല റെക്കോഡ്. പിന്നെ പതുക്കെ പതുക്കെ സ്വര്‍ണവില ‘മലയിറങ്ങി’ തുടങ്ങി. ഒടുവില്‍ മാര്‍ച്ച് ആദ്യ ദിനം 63,520-ലെത്തി. 7940 ആണ് ഗ്രാമിന്റെ വില. കഴിഞ്ഞ കുറേ ദിനങ്ങളായി 64,000-ന് മുകളില്‍ സ്വര്‍ണവില കണ്ട് ശീലിച്ച മലയാളിക്ക് നിലവിലെ നിരക്ക് ചെറുതല്ലാത്ത ആശ്വാസമാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഈ കുറവ് എത്രനാള്‍? ഈ ചോദ്യമാണ് ആഭരപ്രേമികളുടെ മനസില്‍ ചുറ്റിത്തിരിയുന്നത്.
മാര്‍ച്ചില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില എങ്ങനെയായിരിക്കുമെന്ന് ഇപ്പോഴേ പ്രവചിക്കുക അസാധ്യമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വര്‍ധനവിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. ഓഹരി വിപണിയിലെ ചലനങ്ങളും, ഡോളര്‍-വിനിമയ നിരക്കും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിന്റെ പ്രതിഫലനം ഈ മാസത്തില്‍ എങ്ങനെയായിരിക്കുമെന്നും കണ്ടറിയണം.
എങ്കിലും കണ്ണില്‍ പൊന്നീച്ച പറത്തിയ ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ച് ഭേദമായിരിക്കുമെന്ന ശുഭപ്രതീക്ഷയാണ് പലരും പങ്കുവയ്ക്കുന്നത്. മാര്‍ച്ചിലെ ആദ്യ ദിനത്തിലെ നിരക്ക് വര്‍ധന അവരുടെ പ്രതീക്ഷകള്‍ക്ക് ഇന്ധനവും പകരുന്നു.
വിവാഹ സീസണ്‍ അടുക്കുന്ന സമയമാണ്. അപ്രതീക്ഷിതമായി അടിക്കടി സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന വര്‍ധനവ് സാധാരണക്കാരന് ഇടിത്തീയുമാണ്. അപ്രതീക്ഷിത വര്‍ധനവുകള്‍ക്ക് നിലവിലെ ട്രെന്‍ഡ് പോലെ താല്‍ക്കാലിക വിരാമമെങ്കിലും സംഭവിക്കട്ടേയെന്നാണ് പലരുടെയും പ്രാര്‍ത്ഥന.