ഫെരാരിയൊക്കെ എന്ത്…കാളവണ്ടി ഡാ…
മണലില്‍ പൂണ്ട ഫെരാരിയെ രക്ഷിക്കാനെത്തിയത് കാളവണ്ടി
കാളവണ്ടിയുടെ പ്രതാപവും ഫെരാരിയുടെ പരിതാപകരമായ അവസ്ഥയുമാണ് 2024 അവസാനിക്കാന്‍ നേരം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആഢംബര പ്രൗഢിയില്‍ നില്‍ക്കുന്ന ഫെരാരിയെന്ന കാറിനെ രക്ഷപ്പെടുത്തുന്ന കാളവണ്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വാഹനപ്രേമികള്‍ വൈറലാക്കിക്കൊണ്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റേവദംഡ ബീച്ചില്‍ ഉണ്ടായ സംഭവം എന്ന രീതിയില്‍ പുറത്തുവന്നിട്ടുള്ള വീഡിയോയുടെ ആധികാരികത വ്യക്തമല്ല. മണലില്‍ പുതഞ്ഞുകിടക്കുന്ന ഒരു ഫെരാരി കാറും അതിനെ കാളവണ്ടി ഉപയോഗിച്ച് പുറത്തേക്ക് വലിച്ചെടുക്കുന്നതുമായ വീഡിയോയാണ് ലോഡ് ഉജ്ജ്വല്‍ എന്നയാളുടെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുള്ളത്.
ഫെരാരി കാലിഫോര്‍ണിയ ടി എന്ന വാഹനമാണ് മണലില്‍ പുതഞ്ഞിരിക്കുന്നത്. മുംബൈയില്‍ നിന്നുവന്ന രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.കടല്‍ത്തീരത്ത് ഉണ്ടായിരുന്ന വിനോദസഞ്ചാരികളും പ്രദേശവാസികളും ചേര്‍ന്ന് കാറിനെ ഉന്തി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അങ്കലാപ്പിലായ ഫെരാരി മുതലാളി അതുവഴി പോയ കാളവണ്ടിക്കാരനോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രക്ഷകനെപ്പോലെ കൃത്യസമയത്ത് അവിടെയെത്തിയ കാളവണ്ടിക്കാരന്‍ കയര്‍ ഉപയോഗിച്ച് ഫെരാരിയുമായി തന്റെ കാളവണ്ടി ചേര്‍ത്തുകെട്ടുകയും നിഷ്പ്രയാസം വണ്ടി വലിച്ച് പുറത്തിടുകയുമായിരുന്നു.വീഡിയോ പങ്കുവെച്ച് അധികം വൈകാതെ സംഭവം വൈറലായി.