Kerala

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തല്‍; കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷൻ

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ നടപടി. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു. മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യപ്രതികരണത്തിലാണ് എന്‍ പ്രശാന്തിനെതിരെ നടപടി. ഇരുവരും സര്‍വീസ് ചടങ്ങള്‍ ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് നടപടി.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനാണ് വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകര്‍ക്ക് സന്ദേശമയക്കുകയും ചെയ്തു. എന്നാല്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടില്ല എന്നായിരുന്നു ഡിജിപിയുടേയും മെറ്റയുടേയും കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ പ്രതികരണം നടത്തി കഴിഞ്ഞ ദിവസമാണ് എന്‍ പ്രശാന്ത് രംഗത്തെത്തിയത്. എന്‍ പ്രശാന്ത് എസ്‌സി, എസ്ടി വകുപ്പിന് കീഴിലുള്ള ഉന്നതിയിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു കടന്നാക്രമണത്തിന് പിന്നില്‍. വാര്‍ത്ത പുറത്തുവിട്ടത് ജയതിലക് ആണെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗി ജയതിലകാണെന്നും പ്രശാന്ത് ആക്ഷേപിച്ചിരുന്നു. മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് വിവാദത്തില്‍പ്പെട്ട കെ ഗോപാലകൃഷ്ണനേയും പ്രശാന്ത് പരിഹസിച്ചിരുന്നു. നേരത്തേ ഉന്നതിയിലുണ്ടായിരുന്ന വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമുണ്ടെന്നായിരുന്നു പ്രശാന്തിന്റെ പരിഹാസം.

Related Articles

Back to top button