ജസ്റ്റിസ് ശേഖർ യാദവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് അഭിഭാഷകർ
മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ എഫ്‌ഐആർ ചുമത്താൻ സിബിഐക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്. 13 മുതിർന്ന അഭിഭാഷകർ ചേർന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് കത്തയച്ചത്.
ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗം നിഷ്പക്ഷ സ്വഭാവത്തെ ഹനിക്കുന്നതാണെന്ന് കത്തിൽ പറയുന്നു. ഒരു മതസമൂഹത്തെ പരസ്യമായി അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ജഡ്ജി നടത്തിയ പ്രസംഗമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു
ഇന്ദിര ജെയ്‌സിംഗ്, ആസ്പി ചിനോയ്, നവ്‌റോസ് സെർവായ്, ആനന്ദ് ഗ്രോവർ, ചന്ദർ ഉദയ് സിംഗ്, ജയ്ദീപ് ഗുപ്ത, മോഹൻ വി കടർക്കി, ഷൂബ് ആലം, ആർ വൈഗെ, മിഹിർ ദേശായി, ജയന്ത് ഭൂഷൺ, ഗായത്രി സിംഗ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.