തമിഴ്‌നാട് ദിണ്ടിഗലിൽ ആശുപത്രിയിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു, 28 പേർക്ക് പരുക്ക്
തമിഴ്‌നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി അടക്കം ഏഴ് പേർ മരിച്ചു. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്
തേനി സ്വദേശി സുരുളി(50), ഇദ്ദേഹത്തിന്റെ ഭാര്യ സുബ്ബലക്ഷ്മി(45), മാരിയമ്മാൾ(50), മാരിയമ്മാളിന്റെ മകൻ മണി മുരുകൻ(28), രാജശേഖർ(35) എന്നിവരാണ് തിരിച്ചറിഞ്ഞ അഞ്ച് പേർ. മൂന്ന് വയസുകാരനടക്കം മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തെ തുടർന്ന് ആറ് രോഗികൾ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇവരെ ലിഫ്റ്റിൽ നിന്നും പുറത്തെത്തിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. തീപിടിത്തമുണ്ടായപ്പോൾ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്.
നാല് നിലകളുള്ള ആശുപത്രിയിലെ താഴത്തെ നിലയിൽ നിന്നാണ് തീപടർന്നത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. മരിച്ച ഏഴ് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്. അർധരാത്രിയോടെ ആശുപത്രിയിൽ കുടുങ്ങിയ എല്ലാ രോഗികളെയും പുറത്തെത്തിച്ചതായി ദിണ്ടിഗൽ എസ് പി അറിയിച്ചു. 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.