വൈദ്യുതി ലൈനില്‍ നിന്നും തീ പടര്‍ന്നു; എഴുന്നള്ളത്ത് ഘോഷയാത്രയ്ക്ക് എത്തിച്ച കെട്ടുകാള വട്ടക്കായലിൽ കത്തിയമർന്നു

കൊല്ലം: എഴുന്നള്ളത്ത് ഘോഷയാത്രയിൽ പങ്കെടുക്കാൻ കൊണ്ടുവന്ന കെട്ടുകാള വട്ടക്കായലിൽ കത്തിയമർന്നു. രാമൻകുളങ്ങര കൊച്ചുമരത്തടി ഭദ്രാ ദേവീക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് കൊണ്ടുവന്ന കെട്ടുകാളയാണ് അഗ്നിക്കിരയായത്. ഇരുമ്പിലും കച്ചിയിലും നിര്‍മിച്ച കാള കെഎസ്ഇബിയുടെ 110 കെവി ലൈനിൽ തട്ടിയാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാൾക്ക് പൊള്ളലേറ്റു.
ശാസ്‌താംകോട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടുകാള. മരുത്തടി വട്ടകായലിൽ കിഴക്കേ കടവ് ഭാഗത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. ഏകദേശം 12 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി കെട്ടുകാളയുടെ സംഘാടകർ പറഞ്ഞു.
കൊച്ചുമരിത്തിരി ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസമാണ് ഘോഷയാത്രയ്ക്ക് കാള എത്തിയത്. കായലിലൂടെ ചങ്ങാടത്തിൽ കാളയെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്ര സന്നിധിയിൽ എത്തിക്കുന്ന തരത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ ശാസ്‌താംകോട്ടയിൽ നിന്നും കെട്ടുകാളകളെ ഒരുക്കി ക്ഷേത്രത്തിന് സമീപത്ത് ഇറക്കിവച്ചിരുന്നു. തുടർന്ന് കാളയെ മൂന്ന് വള്ളങ്ങൾ കൂട്ടിച്ചേർത്ത് ചങ്ങാടത്തിൽ കയറ്റി ക്ഷേത്രത്തിന് സമീപം നിർത്തിയിരിക്കുകയായിരുന്നു.
കെട്ടുകാളയുടെ കൂടെയുണ്ടായിരുന്ന ജീവനക്കാർ ആഹാരം കഴിക്കാൻ പോയ സമയത്ത് ശക്തമായ കാറ്റിനെ തുടർന്ന് കെട്ടുകാളയെ ബന്ധിച്ചിരുന്ന ചങ്ങാടം വടം പൊട്ടി വട്ടക്കായയിലൂടെ ഒഴുകി. കിഴക്കേകരയിലെ ഫോർഡ് സ്‌കൂളിന് സമീപം എത്തിയപ്പോൾ കാളയെ അലങ്കരിച്ചിരുന്ന മുത്തുക്കുട 110 ലൈനില്‍ തട്ടി തീപിടിക്കുകയായിരുന്നു.
കയർ പൊട്ടി ഒഴുകുന്നത് കണ്ട് ഏതാനും പേർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കൂടുതൽ പേരെത്തി കിഴക്കേക്കരയിൽ അടുപ്പിച്ചു. എന്നാൽ ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും കാളയുടെ കൂടെ ഉണ്ടായിരുന്നവരും ചേർന്ന് കായലിൽ നിന്നും വെള്ളം എടുത്ത് തീ കെടുത്താൻ ശ്രമിച്ചു. തീയണയ്ക്കാന്‍ ചാമക്കടയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേന എത്തിയിരുന്നു. ഒരു മണിക്കൂറോളം ഫയർഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റിൻ്റെ ശക്തിയിൽ തീ ആളിക്കത്തുകയായിരുന്നു. ഇതിനിടെ ചങ്ങാടത്തിൽ നിന്നും കാളയെ കായലിലേക്ക് താഴ്ത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി.
ഇരുമ്പിലും കച്ചിയിലുമാണ് കാളയെ നിർമിച്ചിരുന്നത്. അതിനാൽ തന്നെ തീ മിനിറ്റുകൾക്കുള്ളിൽ തീ പൂര്‍ണമായും ആളിപ്പടരുകയായിരുന്നു. കായലിലൂടെ കാള അകമ്പടി സേവിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ദേവി സന്നിധിയിൽ എത്തി ദേവിയെ വണങ്ങുന്നത് കൊച്ചുമരത്തടി ദേവീ ക്ഷേത്രത്തിലെ പ്രധാന ആചാരമാണ്. ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കത്തിയ കെട്ടുകാളയുടെ ഭാഗങ്ങള്‍ ക്രെയിൻ ഉപയോഗിച്ച് പിന്നീട് കരയിലേക്ക് മാറ്റി.