അഞ്ച് വർഷത്തെ നിയമപോരാട്ടം: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതി വരെ പോയെങ്കിലും രക്ഷയുണ്ടായിരുന്നില്ല..
സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നത് പ്രമാണിച്ച് കല്യോട്ട് വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. ഇന്നലെ പോലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു
ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ പത്ത് പേരെ കൂടി പ്രതി ചേർത്തു. കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുള്ളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിലാണ് സിബിഐ കേന്ദ്രീകരിച്ചത്
സിബിഐ കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെവി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ, ഭാസ്‌കരൻ വെളുത്തോളി തുടങ്ങിയവർ പ്രതികളായത്.