Gulf

ചരിത്രത്തില്‍ ആദ്യമായി യുഎഇ സുന്ദരിയും ലോക സൗന്ദര്യ മത്സരത്തിലേക്ക്

ദുബൈ: ലോക സൗന്ദര്യ മത്സരത്തിന്റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി യുഎഇയും മത്സരത്തിന്റെ ഭാഗമാവുന്നു. മോഡലും മൂന്ന് കുട്ടികളുടെ അമ്മയുമായ എമിലിയ ഡോബ്രെവയാണ് ലോക സുന്ദരി മത്സരത്തില്‍ യുഎഇയെ പ്രതിനിധീകരിക്കുകയെന്ന് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ യുഎഇയുടെ ദേശീയ ഡയറക്ടറായ പോപ്പി കാപ്പല്ല വെളിപ്പെടുത്തി. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 1000 ലധികം എന്‍ട്രികളാണ് യുഎഇ സൗന്ദര്യ മത്സരത്തിന് ലഭിച്ചതെന്ന് പോപ്പി പറഞ്ഞു. ഇവരില്‍ നിന്ന് 16 പേരെയാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത്. ഒക്ടോബറില്‍ നടന്ന ഒഡീഷനില്‍ മിസ് യൂണിവേഴ്സ് യുഎഇ കിരീടം നേടിയ എമിലിയ ആഗോള പരിപാടിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കും.

നവംബര്‍ 16 ന് മെക്സിക്കോ സിറ്റിയില്‍ നടക്കുന്ന മിസ് യൂണിവേഴ്സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ലോകത്തെ 130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കൊപ്പം എമിലിയയെയും ലോകത്തിന് കാണാനാവും. ദേശീയ വേഷവിധാന റൗണ്ടില്‍, എമിലിയ പ്രത്യേകം രൂപകല്‍ന ചെയ്ത അബായയാവും ധരിക്കുക. അത് യുഎഇ പാരമ്പര്യത്തിനുള്ള അംഗീകാരമായി മാറുമെന്നും പോപ്പി കാപ്പല്ല പറഞ്ഞു.

ആ അബായയുടെ താഴ്ഭാഗത്ത് രാജ്യത്തെ മണല്‍ത്തരികള്‍ ഉള്‍ച്ചേര്‍ന്നിരിക്കും. മുകള്‍ ഭാഗം ഈ രാജ്യം കൈവരിച്ച ആധുനികതയെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ളതുമാവും. മണലില്‍ നിന്ന് ഒരു ആധുനിക രാജ്യം കെട്ടിപ്പടുത്തത് എങ്ങനെയെന്ന് ലോകത്തെ അറിയിക്കാനാണ് ഇത്തരം ഒരു അബായ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും പോപ്പി കാപ്പല്ല പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി യുഎഇയില്‍ താമസിക്കുന്ന എമിലിയ സ്വദേശി യുവാവിനെയാണ് വേട്ടത്. സുന്ദരിയും മിടിക്കിയും സ്ഥിരോത്സാഹിയുമെന്നതിനൊപ്പം ഭംഗിയായി അറബി സംസാരിക്കാനാവുമെന്നതും സ്വദേശി സമൂഹത്തിനിടയില്‍ എമിലിയയുടെ സ്‌കോര്‍ ഉയര്‍ത്തുന്ന ഘടകമാണ്.

Related Articles

Back to top button