ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ഇന്ത്യ സഖ്യം ഒരുമിക്കുന്നു, കാരണം എസ്.ഐ.ആർ

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷന്റെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ) എന്ന വോട്ടർ പട്ടിക പുതുക്കൽ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ബ്ലോക്ക് ഒന്നിക്കുന്നു. 2024 ജൂണിന് ശേഷം ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാക്കൾ നേരിട്ട് ഒരു യോഗം ചേരുന്നത്. കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിൽ വെച്ച് ഓഗസ്റ്റ് 7-ന് നടക്കുന്ന അത്താഴവിരുന്നിൽ വെച്ചാണ് നേതാക്കൾ ഒരുമിക്കുന്നത്.
ബിഹാറിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന എസ്.ഐ.ആർ. പ്രക്രിയ നിരവധി വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കാരണമാകുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം നടത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് യോഗം പ്രധാനമായും ലക്ഷ്യമിടുന്നത്. അത്താഴ വിരുന്നിന് ശേഷം ഓഗസ്റ്റ് 8-ന് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് സംയുക്തമായി പ്രതിഷേധ മാർച്ച് നടത്താനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സഖ്യം നേരിട്ട് ഒരുമിച്ചിരുന്നത് കഴിഞ്ഞ വർഷം ജൂൺ 1-ന് ആയിരുന്നു. അന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് യോഗം ചേർന്നിരുന്നു. അതിനുശേഷം കഴിഞ്ഞ മാസം ഒരു ഓൺലൈൻ യോഗവും ചേർന്നിരുന്നു. എന്നാൽ, പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ ഒരുമിച്ചുള്ള ഒരു യോഗം അത്യാവശ്യമാണെന്ന് സഖ്യത്തിലെ നേതാക്കൾ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഈ യോഗം ചേരുന്നത്.
ബിഹാർ എസ്.ഐ.ആർ. പ്രക്രിയക്കെതിരെ സുപ്രീം കോടതിയിൽ ഉൾപ്പെടെ ഹർജികൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും പ്രതിഷേധങ്ങളുടെ അടുത്ത ഘട്ടങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.