വിമാനത്താവളത്തിലേക്ക് പോകുംവഴി വിദേശ വനിതയെ ബലാത്സംഗം ചെയ്തു; ക്യാബ് ഡ്രൈവർ ഒളിവിൽ

25 കാരിയായ ജർമ്മൻ വനിതയെ ബലാത്സംഗം ചെയ്ത ക്യാബ് ഡ്രൈവർ ഒളിവിൽ. സുഹൃത്തിനെ കണ്ട ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് ജർമൻ യുവതിയെ ഒരു ക്യാബ് ഡ്രൈവർ ബലാത്സംഗം ചെയ്തത്. ഹൈദരാബാദിലെ പഹാഡി ഷരീഫിലെ മാമിഡിപ്പള്ളിയിൽ വച്ചാണ് സംഭവം. യുവതി തന്റെ സുഹൃത്തിനും മറ്റു ചിലർക്കുമൊപ്പം കാറിൽ നഗരം ചുറ്റി സഞ്ചരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു.
മറ്റുള്ളവരെ ഇറക്കിയ ശേഷം യുവതി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഡ്രൈവർ ബലാത്സംഗം ചെയ്തത്. യുവതിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ മാമിഡിപ്പള്ളിക്ക് സമീപം, ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തു നിന്നും ഡ്രൈവർ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പിന്നീട് യുവതി തന്നെയാണ് പോലീസിനെ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 പ്രകാരം പ്രതിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അതിനിടെ വിദേശ വനിത കൂട്ടബലാത്സംഗത്തിന് ഇരയായതായി ചില അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കേസിൽ ഡ്രൈവർ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കിയ പോലീസ് വാർത്തകൾ നിഷേധിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ യുവതിയ്‌ക്കൊപ്പം വിന്യസിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി വൃത്തങ്ങൾ പറയുന്നു.