വന നിയമഭേദഗതി: ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി
വന നിയമഭേദഗതി സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും വകുപ്പുകൾക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയിൽ കഴിയുന്നവരുടെയും കർഷകരുടെയും ന്യായമായ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിയമവും ഈ സർക്കാർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു
വനം നിയമഭേദഗതിയിൽ നടപടികളാരംഭിച്ചത് 2013ലെ യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനംനിയമ ഭേദഗതിയിൽ സമൂഹത്തിൽ ആശങ്കകളുണ്ട്. 1963ലെ കേരള വനനിയമത്തിലെ ഭേദഗതി നിർദേശങ്ങൾ ആരംഭിക്കുന്നത് 2013 യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇതിന്റെ കരട് ബില്ലിൻമേലായിരുന്നു ഭേദഗതി.
അനധികൃതമായി വനത്തിൽ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇതിൽ ആശങ്കകളുയരുന്നുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ടു നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു