National
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു. 78 വയസായിരുന്നു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്നും ദുപ്പട്ടക്ക് തീപിടിച്ചാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്.
ശരീരത്തിന്റെ 90 ശതമാനം പൊള്ളലേറ്റിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കേന്ദ്രമന്ത്രിയായും ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സണായും രാജസ്ഥാൻ പിസിസി പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്. 2019ൽ ഉദയ്പൂർ സിറ്റിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഗിരിജയുടെ നിര്യാണത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ഖാർഗെ പറഞ്ഞു.