ഇല്ലാത്ത രാജ്യത്തിൻ്റെ ‘ബാരൺ’ ചമഞ്ഞ് തട്ടിപ്പ്; ദുബായിൽ 6 ബാങ്ക് അക്കൗണ്ടുകൾ: 300 കോടിയുടെ തട്ടിപ്പ്

ഗാസിയാബാദ്: ‘വെസ്റ്റാർട്ടിക്കയിലെ ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ച് വ്യാജ എംബസി നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഹർഷവർധൻ ജെയിൻ എന്നയാൾ പോലീസ് പിടിയിൽ. ഇയാൾക്ക് ദുബായിൽ മാത്രം ആറ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച് 300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
ഗാസിയാബാദിലെ ഒരു വാടകക്കെട്ടിടത്തിലായിരുന്നു ‘വെസ്റ്റാർട്ടിക്ക’ എന്ന സാങ്കൽപ്പിക രാജ്യത്തിൻ്റെ എംബസി പ്രവർത്തിച്ചിരുന്നത്. ഇല്ലാത്ത രാജ്യത്തിന്റെ പേരിൽ നയതന്ത്രജ്ഞൻ ചമഞ്ഞ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇയാൾ 162 വിദേശ യാത്രകൾ നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പിനായി 25-ഓളം ഷെൽ കമ്പനികൾ ഇയാൾ രൂപീകരിച്ചിരുന്നു.
ഹവാല ഇടപാടുകളിലൂടെയാണ് ഇയാൾ പണം വിദേശത്തേക്ക് കടത്തിയിരുന്നത്. ദുബായിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വ്യാജ പാസ്‌പോർട്ടുകൾ, നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകൾ, വിദേശ കറൻസികൾ, വ്യാജരേഖകൾ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.