95കാരി മുത്തശ്ശി മുതൽ 13കാരൻ അനിയൻ വരെ; അഫാന്റെ ലക്ഷ്യം എന്തായിരുന്നു, ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്ക്. കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെയാണ് 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. 25 കിലോമീറ്ററിനുള്ളിലെ 3 വീടുകളിലായി നടന്ന കൊലപാതകങ്ങളുടെ വിവരം പോലീസ് അറിയുന്നത് പ്രതി നേരിട്ട് സ്റ്റേഷനിൽ എത്തിയപ്പോഴാണ്.
അഫാന്റെ മുത്തശ്ശി സൽമാ ബീവി(95), സഹോദരൻ അഫ്‌സാൻ(13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്(60), ലത്തീഫിന്റെ ഭാര്യ സജിത ബീവി(55), കാമുകി ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഉമ്മ ഷെമി ചികിത്സയിലാണ്
എന്തിനാണ് ഇയാൾ കൊലപാതകം നടത്തിയെന്ന പ്രധാന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കൂട്ടക്കൊലക്ക് മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. 95കാരിയായ മുത്തശ്ശി മുതൽ 13കാരനായ അനിയനെ വരെ ലക്ഷ്യമിട്ടത് എന്തിനാണ്. എന്തിനാണ് കാമുകിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിതാവിന് അഫാന്റെ നീക്കങ്ങളെ കുറിച്ച് അറിയുമായിരുന്നോ തുടങ്ങി നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.