Kerala
കോതമംഗലത്ത് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു; 52 പേർക്ക് പരുക്ക്

കോതമംഗലം അടിവാട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണുണ്ടായ അപകടത്തിൽ പരുക്കേറ്റത് 52 പേർക്ക്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. കനത്ത മഴയിൽ താത്കാലിക ഗ്യാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്
താത്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. അടിവാട് മാലിക് ദിനാർ സ്‌കൂൾ ഗ്രൗണ്ടിലാണ് അപകടം. പരുക്കേറ്റവരെ മൂവാറ്റുപുഴയിലും കോതമംഗലത്തുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു
45 പേർ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും അഞ്ച് പേർ കോതമംഗലം സെന്റ് ജോസഫ്‌സ് ആശുപത്രിയിലും രണ്ട് പേർ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.