Kerala

കൊടും ക്രൂരതക്ക് തൂക്കുകയർ; ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ

പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. ഗ്രീഷ്മയുടെ വാദങ്ങളെല്ലാം പാടെ തള്ളിയാണ് കോടതി വിധി പറഞ്ഞത്. തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവുശിക്ഷയും അന്വേഷണത്തെ വഴി തിരിച്ചുവിടാൻ ശ്രമിച്ചതിന് 5 വർഷവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാനാകില്ലെന്ന സന്ദേശമാണ് ഷാരോൺ വധക്കേസ് തെളിയിക്കുന്നതെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. ഗ്രീഷ്മ ക്രിമിനൽ സ്വഭാവമുള്ള വ്യക്തി തന്നെയാണെന്ന് ബോധ്യപ്പെട്ടതായും കോടതി പറഞ്ഞു.

പിടിച്ചുനിൽക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ല. പ്രതിയുടെ പ്രായം കണക്കിലെടുക്കാനാകില്ല. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്‌നേഹബന്ധം തുടരുമ്പോഴാണ് ക്രൂരകൊലപാതകം നടത്തിയത്. എന്നാൽ മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 586 പേജുള്ള വിധി പ്രസ്താവമാണ് കോടതി നടത്തിയത്. വധശ്രമം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഇരുവരെയും കോടതി നേരത്തെ കുറ്റക്കാരായി കണ്ടിരുന്നു. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ ഗ്രീഷ്മ കീടനാശിനി കലക്കി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്

കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിരുന്നു. അമ്മാവനായ നിർമലകുമാരൻ നായർ തെളിവ് നശിപ്പിച്ചതായും കോടതി കണ്ടെത്തി. ഗ്രീഷ്മക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ ആവശ്യപ്പെട്ടിരുന്നു.

പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നും ബിരുദധാരിയാണെന്നും തുടർന്ന് പഠിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14നാണ് വിഷം കലർന്ന കഷായം ഗ്രീഷ്മ ഷാരോണിന് നൽകിയത്. ഒക്ടോബർ 25ന് ചികിത്സക്കിടെയാണ് ഷാരോൺ മരിച്ചത്.

 

Related Articles

Back to top button
error: Content is protected !!