Sports

ഗംഭീറിന് ആളെ പിടികിട്ടി; ചോര്‍ത്തിയത് അവന്‍ തന്നെ: യുവ ബാറ്ററുടെ കരിയര്‍ തീര്‍ന്നു

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വളരെ മോശം അവസ്ഥയിലൂടെ കടന്നു പോവുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയില്‍ നടന്ന അഞ്ചു ടെസ്റ്റകളുടെ പരമ്പര ഇന്ത്യക്കു 1-3നാണ് കൈവിടേണ്ടി വന്നത്. ഇതോടെ ഡബ്ല്യുടിസി ഫൈനലില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കളിക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകളും അസ്തമിച്ചിരുന്നു.

ഈ പരമ്പരയ്ക്കു പിന്നാലം ഇന്ത്യന്‍ ഡ്രസിങ് റൂമിനകത്തെ ചില സംഭവങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വരികയും ഇവ വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ടീമിന്റെ ഡ്രസിങ് റൂമിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യക്തിയെ കോച്ച് ഗൗതം ഗംഭീര്‍ കണ്ടു പിടിച്ചു കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മാത്രമല്ല ബിസിസിഐയെ ഗംഭീര്‍ ഇക്കാര്യം അറിയിച്ചു കഴിഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വില്ലന്‍ 27 കാരന്‍

ഇന്ത്യന്‍ ഡ്രസിങ് റൂമിനുള്ളിലെ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍തിയത് യുവ മധ്യനിര ബാറ്റര്‍ സര്‍ഫ്രാസ് ഖാനാണെന്നു ബിസിസിഐയെ ഗൗതം ഗംഭീര്‍ അറിയിച്ചിട്ടുണ്ടെന്നു ന്യൂസ് 24 (News 24) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓസീസ് പര്യടനത്തില്‍ സര്‍ഫറാസും ടീമിലുണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനു നേരിട്ട പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ടീം മാനേജ്‌മെന്റിന്റെ യോഗം ബിസിസിഐ അടുത്തിടെ വിളിച്ചിരുന്നു. ഈ യോഗത്തിലാണ് സര്‍ഫ്രാസാണ് എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയതിനു പിന്നിലെന്നു ബിസിസിഐ ഒഫീഷ്യലുകളെ ഗംഭീര്‍ ധരിപ്പിച്ചത്. ഗംഭീറിനെക്കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരെല്ലാം ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

സര്‍ഫ്രാസ് തന്നെയാണ് ടീമിനകത്തെ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന ഉറപ്പിലാണ് ഗംഭീര്‍. ഇതു സത്യമാണെങ്കില്‍ സര്‍ഫറാസിനെതിരേ ശക്തമായ നടപടിയുണ്ടായേക്കുകയും ചെയ്യും. 27 കാരനായ മധ്യനിര ബാറ്ററുടെ കരിയറിനെപ്പോലും ഇതു ദോഷകരമായി ബാധിക്കും. ഇനി വരാനിരിക്കുന്ന റെഡ് ബോള്‍ പരമ്പരയില്‍ നിന്നും സര്‍ഫറാസ് പുറത്താവാനുമുള്ള സാധ്യത കൂടുതലാണ്.

എന്തായിരുന്നു സംഭവം

മെല്‍ബണിലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് നടന്നത്. അഞ്ചാം ദിനം അവസാനത്തെ സെഷനില്‍ ഏഴു വിക്കറ്റുകള്‍ കൈവിട്ട് ഇന്ത്യന്‍ ടീം പരാജയത്തിലേക്കു വീണിരുന്നു. രണ്ടാം സെഷനില്‍ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തും വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടു പോയപ്പോള്‍ ഇന്ത്യന്‍ ടീം സമനിലയും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ സഖ്യം വേര്‍പിരിഞ്ഞതോടെ ടീമിനു കൂട്ടത്തകര്‍ച്ച നേരിടുകയും തോല്‍വിയിലേക്കു കൂപ്പുകുത്തുകയും ചെയ്തു.

ടീമിന്റെ ഈ കൂട്ടത്തകര്‍ച്ച ഗൗതം ഗംഭീറിനെ ഏറെ അസ്വസ്ഥനും രോഷാകുലനുമാക്കി മാറ്റുകയും ചെയ്തു. ഇതേ തുടര്‍ന്നു മല്‍സരശേഷം ഡ്രസിങ് റൂമല്‍ വച്ച് ഇന്ത്യന്‍ താരങ്ങളെ ഗംഭീര്‍ നന്നായി ശകാരിക്കുകയും ചെയ്തിരുന്നു. തനിക്കു മതിയായെന്നും അദ്ദേഹം ടീമിനോടു പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പിന്നീട് ഇതേക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ ഗംഭീര്‍ ഇവ നിഷേധിക്കുകയുമായിരുന്നു. മാത്രമല്ല, അദ്ദേഹം ഇതിനോടു രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഡ്രസിങ് റൂമിനകത്തെ കാര്യങ്ങള്‍ ഒരിക്കലും പുറത്തു പോവാന്‍ പാടില്ലെന്നായിരുന്നു ഗംഭീറിന്റെ വാക്കുകള്‍.

സര്‍ഫറാസിന്റെ കരിയര്‍

സര്‍ഫറാസ് ഖാന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ കുപ്പായത്തില്‍ താരം അരങ്ങേറിയത്. ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലൂടെയായിരുന്നു ഇത്.

ആറു ടെസ്റ്റുകളിലാണ് വലംകൈയന്‍ ബാറ്റര്‍ ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 37.10 ശരാശരിയില്‍ 371 റണ്‍സും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും

Related Articles

Back to top button
error: Content is protected !!