National

നമ്മുടെ കറന്‍സിയില്‍ ആദ്യം പരിഗണിച്ചിരുന്നത് ഗാന്ധിജിയുടെ ചിത്രമായിരുന്നില്ല

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും ഇന്ത്യ സ്വാതന്ത്ര്യമാവുകയും ചെയ്തിട്ടും നമ്മുടെ കറന്‍സികളില്‍ ആലേഖനം ചെയ്യേണ്ട ചിത്രത്തിന്റെ ആദ്യ പരിഗണനകളില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഛായാചിത്രം ഉള്‍പ്പെട്ടിരുന്നില്ല. 1987ല്‍ മാത്രമാണ് ഇന്ത്യന്‍ നോട്ടുകളില്‍ സ്ഥിരമായി ഗാന്ധിജി ഇടംപിടിക്കാന്‍ തുടങ്ങിയത്.

സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ പുതിയ കറന്‍സി എങ്ങനെയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിക്കേണ്ടതായിരുന്നു. രാഷ്ട്രപിതാവെന്ന നിലയില്‍ മഹാത്മാഗാന്ധി സ്വാഭാവികമായും നോട്ടുകളില്‍ ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ പൗരന്മാര്‍ കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ ആ വഴിക്കല്ല പോയതെന്ന് പിന്നീട് തെളിഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും സാമ്പത്തിക പുരോഗതിയും ആഘോഷിക്കുകയാണ് നമ്മുടെ കറന്‍സികള്‍ തുടക്കത്തില്‍ ചെയ്തത്. 1950കളിലെയും 60കളിലെയും കറന്‍സി നോട്ടുകളില്‍ കടുവ, മാന്‍ തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങളും ഇന്ത്യയുടെ വികസനത്തിന്റെ പ്രതീകങ്ങളായ ഹിരാക്കുഡ് അണക്കെട്ട്, ആര്യഭട്ട ഉപഗ്രഹം, ബൃഹദീശ്വര ക്ഷേത്രം എന്നിവയുമായിരുന്നു ആലേഖനം ചെയ്തിരുന്നത്.

ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ചിത്രമാണ് യുഎസ് ഡോളറില്‍ കാണാനാവുക. അയല്‍ രാജ്യമായ പാക്കിസ്ഥാന്റെ രൂപയില്‍ മൊഹമ്മദ് അലി ജിന്നയുടെ ചിത്രമാണുള്ളത്. നമ്മള്‍ ഗാന്ധിയുടെ ചിത്രത്തെ നമ്മുടെ പണവുമായി ബന്ധപ്പെടുത്തുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഫോട്ടോ യഥാര്‍ത്ഥ പ്ലാന്‍ ആയിരുന്നില്ല.
ചിഹ്നങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു രാജ്യത്തിന്റെ കറന്‍സി പലപ്പോഴും അതിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കഥ പറയുന്നത് കൂടിയാണെന്ന് ഓര്‍ക്കണം.

ലോകത്തെ വിവിധ രാജ്യങ്ങള്‍ അവരുടെ ദേശീയ നേതാക്കളെ അവരുടെ കറന്‍സിയില്‍ ബഹുമാനിക്കുന്നത് നാം കാണുന്നതാണ്, മഹാത്മാഗാന്ധിയുടെ കാര്യത്തിലും അല്‍പം വൈകിയാണെങ്കിലും ഇന്ത്യ അതുതന്നെ ചെയ്യുകായിരുന്നൂവെന്ന് ചുരുക്കം. ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ പോയാല്‍ കൊളോണിയലില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയിലേക്കുള്ള കറന്‍സി മാനേജ്‌മെന്റിന്റെ മാറ്റം ന്യായമായും സുഗമമായിരുന്നതായി സൈറ്റ് ചൂണ്ടിക്കാണിക്കുന്നു.

മഹാത്മാ ഗാന്ധിജിയുടെ നൂറാം ജന്മവാര്‍ഷിക വേളയിലാണ് അദ്ദേഹത്തിന്റെ ചിത്രം 1969ല്‍ ആദ്യമായി കറന്‍സി നോട്ടില്‍ പ്രത്യക്ഷപ്പെട്ടത്. മഹാത്മാഗാന്ധിക്കൊപ്പം പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സേവാഗ്രാം ആശ്രമവും ഉള്‍പ്പെടുത്തിയിരുന്നു. 1987ല്‍ മാത്രമാണ് മഹാത്മാഗാന്ധിയുടെ ഛായാചിത്രം ഇന്ത്യന്‍ നോട്ടുകളില്‍ സ്ഥിരമായി ഇടംപിടിക്കാന്‍ തുടങ്ങിയത്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള ഈ പുതിയ നോട്ട് അവതരിപ്പിച്ചപ്പോള്‍ 500 രൂപ നോട്ടില്‍ അദ്ദേഹത്തിന്റെ മുഖം ഉള്‍പ്പെടുത്തിയിരുന്നു.
1978-ല്‍ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിച്ചത്.

മഹാത്മാഗാന്ധി സീരീസ് എന്ന പേരില്‍ ഒരു പുതിയ നോട്ട് സീരീസ് ആര്‍ബിഐ 1996ല്‍ അവതരിപ്പിച്ചിരുന്നു. വാട്ടര്‍മാര്‍ക്കുകളും സെക്യൂരിറ്റി ത്രെഡുകളും പോലുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളോടെയാണ് ഗാന്ധിയുടെ ഛായാചിത്രം ഉള്‍പ്പെട്ട ആ നോട്ടുകള്‍ പുറത്തിറങ്ങിയത്. നിങ്ങളുടെ പേഴ്‌സോ, പണം സൂക്ഷിക്കുന്ന ലോക്കറോ മറ്റോ തുറന്നാല്‍ നമ്മുടെ കറന്‍സികളില്‍ മഹാത്മാഗാന്ധിയുടെ മുഖം കാണാതിരിക്കുന്നത് നമുക്കാര്‍ക്കെങ്കിലും ഇന്ന് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ?

Related Articles

Back to top button